court conflict

തിരുവനന്തപുരം : വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ അക്രമിച്ച സംഭവത്തില്‍ പരിഹാരത്തിന് വഴിയൊരുങ്ങുന്നു. മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച അഭിഭാഷകര്‍ക്കെതിരേ നടപടിയുണ്ടായേക്കും.

വഞ്ചിയൂര്‍ കോടതിയില്‍ സ്ഥിരം മീഡിയാ റിലേഷന്‍സ് സമിതി രൂപീകരിക്കാനും തീരുമാനമായി. നാളെ മുതല്‍ കോടതികളുടെ പ്രവര്‍ത്തനം സാധാരണനിലയില്‍ പുനരാരംഭിക്കാനും ജഡ്ജിമാരുടെ സമിതി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.

കോടതി റിപ്പോര്‍ട്ടിംഗിനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു യാതൊരു തടസങ്ങളുമുണ്ടാകില്ലെന്നു ജഡ്ജിമാരുടെ സമതി മാധ്യമപ്രവര്‍ത്തകരുടെ സംഘത്തിന് ഉറപ്പു നല്‍കി.

ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നിര്‍ദേശപ്രകാരമാണ് ഹൈക്കോടതി ജസ്റ്റിസുമായ പി എല്‍ രവീന്ദ്രനാഥും പി ആര്‍ രാമചന്ദ്രന്‍നായരും തിരുവനന്തപുരം ജില്ലാ ജഡ്ജിയും ചര്‍ച്ച നടത്തിയത്. വഞ്ചിയൂര്‍ കോടതിയില്‍ തെളിവെടുപ്പും സംഘം നടത്തി.

സ്ഥിരം മീഡിയാ റിലേഷന്‍സ് സമിതിയില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രതിനിധികളും അഭിഭാഷക പ്രതിനിധികളും കോടതിയിലെ ക്ലര്‍ക്കുമാരുടെ പ്രതിനിധികളുമുണ്ടാകും.

കോടതി റിപ്പോര്‍ട്ടിംഗില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരിടുന്ന പ്രശ്‌നങ്ങള്‍ സമിതി പരിശോധിച്ച് യഥാസമയം പരിഹാരമുണ്ടാക്കും. വഞ്ചിയൂര്‍ കോടതിയിലെ മീഡിയാ റൂം തുറക്കാനും തീരുമാനമായി.

Top