ട്രംപിന്റെ എച്ച്1-ബി വിസ പരിഷ്‌കരണങ്ങള്‍ തടഞ്ഞ് കോടതി

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ വിസ പരിഷ്‌കരണങ്ങള്‍ അമേരിക്കന്‍ കോടതി തടഞ്ഞു. എച്ച്1-ബി വിസയുമായി ബന്ധപ്പെട്ട രണ്ടു നിര്‍ദിഷ്ട നിയന്ത്രണങ്ങളാണ് കോടതി തടഞ്ഞത്. എച്ച്1-ബി വിസകളില്‍ നിയമിക്കുന്നവര്‍ക്ക് കമ്പനികള്‍ ഉയര്‍ന്ന വേതനം നല്‍കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ഒരു ഉത്തരവും ഇതുമായി ബന്ധപ്പെട്ട മറ്റൊരു നിയമവുമാണ് കോടതി തടഞ്ഞത്.

അമേരിക്കന്‍ കമ്പനികളില്‍ വിദേശ ജോലിക്കാരെ നിയമിക്കാന്‍ കമ്പനികളെ അനുവദിക്കുന്ന കുടിയേറ്റ ഇതര വിസയാണ് എച്ച്1-ബി. ഓരോ വര്‍ഷവും 85,000 എച്ച്1-ബി വിസകളാണ് അമേരിക്ക നല്‍കുന്നത്. മൂന്നു വര്‍ഷത്തേക്കാണ് വിസകള്‍ നല്‍കുന്നതെങ്കിലും പിന്നീട് പുതുക്കി നല്‍കും. അമേരിക്കയിലെ ആറു ലക്ഷം എച്ച്1-ബി വിസക്കാരും ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

കോവിഡ് വ്യാപനവും ഉയര്‍ന്ന മരണനിരക്കും സാമ്പത്തികമായ കാരണങ്ങളുമാണ് എച്ച്1-ബി വിസകളില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതിനു കാരണമായി ട്രംപ് ഭരണകൂടം ചൂണ്ടിക്കാട്ടിയത്.

ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയ ശേഷം അപേക്ഷകര്‍ക്ക് തൊഴില്‍ വിസ ലഭിക്കുന്നതില്‍ ബുദ്ധിമുട്ടാണ് അനുഭവപ്പെട്ടിരുന്നത്. കൃത്യമായ വിശകലന പ്രക്രിയ ഇല്ലാതെ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്കെതിരേ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സും ബേ ഏരിയ കൗണ്‍സിലും മറ്റുള്ളവരും ആഭ്യന്തര സുരക്ഷാ വകുപ്പിനെതിരേ കേസെടുത്തിരുന്നു.

Top