കെ എം മാണി അനുസ്മരണച്ചടങ്ങില്‍ ചെയര്‍മാനെ തെരഞ്ഞെടുക്കരുതെന്ന് കോടതി ഉത്തരവ്

തിരുവനന്തപുരം: ചെയര്‍മാന്‍ സ്ഥാനത്തിനായി അടിപിടികൂടുന്ന കേരളാ കോണ്‍ഗ്രസിന് കോടതിയുടെ തിരിച്ചടി. കെ എം മാണി അനുസ്മരണച്ചടങ്ങില്‍ ചെയര്‍മാനെ തെരഞ്ഞെടുക്കരുതെന്ന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ജില്ലാ കോടതിയുടേതാണ് ഉത്തരവ്. കേരള കോണ്‍ഗ്രസ് കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.

കെ എം മാണി അനുസ്മരണച്ചടങ്ങിനിടെ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ നീക്കമുണ്ടായിരുന്നു എന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. കെ എം മാണിയുടെ നിര്യാണത്തോടെ ഒഴിവു വന്ന ചെയര്‍മാന്‍ സ്ഥാനത്തേക്ക് മകനും വൈസ് ചെയര്‍മാനുമായ ജോസ് കെ മാണിയെ തെരഞ്ഞെടുക്കാനാണ് മാണി വിഭാഗത്തിന്റെ ശ്രമം.

ബൈലോ പ്രകാരമല്ല നടപടി എന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് മാണി അനുസ്മരണം നടക്കുകയാണ്. പിജെ ജോസഫും ജോസ് കെ മാണിയും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനം തനിക്ക് വേണമെന്നാണ് വര്‍ക്കിംഗ് ചെയര്‍മാനായ പി ജെ ജോസഫിന്റെ നിലപാട്. സീനിയര്‍ നേതാവായ തനിക്ക് മാണി വഹിച്ചിരുന്ന ചെയര്‍മാന്‍, പാര്‍ലമെന്ററി പാര്‍ട്ടി സ്ഥാനങ്ങള്‍ വേണമെന്നാണ് ജോസഫ് ആവശ്യപ്പെടുന്നത്. എന്നാല്‍ ജോസ് കെ മാണിയെ ചെയര്‍മാനും, സി എഫ് തോമസിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കണമെന്നും മാണി വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു.

ചെയര്‍മാന്‍ സ്ഥാനത്തില്‍ പാര്‍ട്ടിയില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ് വന്നത്. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതുവരെ പിജെ ജോസഫിനെ കേരള കോണ്‍ഗ്രസിന്റെ താല്‍ക്കാലിക ചെയര്‍മാനായി പ്രഖ്യാപിച്ചിരുന്നു.

Top