അണ്ണാ ഡിഎംകെ വാനഗരം ജനറൽ കൗണ്‍സില്‍ തീരുമാങ്ങൾ കോടതി റദ്ദാക്കി; വിധി സ്വാഗതം ചെയ്ത് ഒ പനീര്‍ശെല്‍വം

ചെന്നൈ: തന്നെ പുറത്താക്കിയ അണ്ണാ ഡിഎംകെ ജനറൽ കൗണ്‍സില്‍ തീരുമാനം നിയമവിധേയമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി പാർട്ടിയുടെയും അണികളുടെയും വിജയമെന്ന് ഒ പനീര്‍ശെല്‍വം. ഇപിഎസിനെ ജനറൽ സെക്രട്ടറിയായി അവരോധിച്ചതടക്കം ജൂലൈ 11ന് വാനഗരത്ത് ചേർന്ന ജനറൽ കൗൺസിലിൽ എടുത്ത എല്ലാ തീരുമാനങ്ങളും കോടതി റദ്ദാക്കിയിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ഡി.ജയചന്ദ്രൻ്റേതാണ് വിധി.

ജനറൽ കൗൺസിലിന്റെ എല്ലാ തീരുമാനങ്ങളും റദ്ദാക്കി ജൂണ് 23-ന് മുൻപുള്ള നില പാർട്ടിയിൽ തുടരണമെന്നും മദ്രാസ് ഹൈക്കോടതി വിധിച്ചിട്ടുണ്ട്. ഇതോടെ ഒ പനീർ സെൽവം പാർട്ടി കോ ഓഡിനേറ്ററായും എടപ്പാടി പളനിസാമി പാർട്ടിയുടെ സഹ കോർഡിനേറ്ററായും തുടരും. ഹൈക്കോടതി വിധിയനുസരിച്ച് ഇനി ജനറൽ കൗൺസിൽ വിളിക്കണമെങ്കിൽ 30 ദിവസം മുമ്പ് നോട്ടീസ് നൽകണം.

‘മദ്രാസ് ഹൈക്കോടതിയുടേത് ചരിത്രപരമായ വിധിയാണ്. അണികൾക്ക് കാണിക്കയായി അർപ്പിക്കുന്നു. അണ്ണാ ഡിഎംകെ ഒരാളുടെ പാർട്ടിയല്ല, അണികളുടെ പാർട്ടിയാണ്. വിധി പാർട്ടിയുടെയും അണികളുടെയും വിജയമാണ്.പാർട്ടിയിൽ നിന്ന് പുറത്താക്കിയവരെയെല്ലാം തിരിച്ചെടുക്കണം. വിമർശനങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകും’ ഒ പനീര്‍ശെല്‍വം വ്യക്തമാക്കി.

ഇപിഎസിനും ഒപിഎസിനും ഒരുമിച്ചേ ജനറൽ കൗൺസിൽ വിളിക്കാനാകൂ. പാർട്ടി ബൈലോ പ്രകാരം വർഷത്തിൽ ഒരു ജനറൽ കൗൺസിലേ വിളിക്കാനാകൂ. വിവിധ ജില്ലാ ഘടകങ്ങളും സംസ്ഥാന നേതൃത്വത്തിലെ പ്രമുഖ നേതാക്കളും എടപ്പാടിക്കൊപ്പമാണെങ്കിലും കോടതി വിധിയോടെ പാർട്ടിയെ തൻ്റെ നിയന്ത്രണത്തിൽ കൊണ്ടു വരാൻ എടപ്പാടിക്ക് ഇനി പുതിയ വഴികൾ തേടേണ്ടി വരും.

Top