സമീര്‍ വാംഖഡെക്ക് കനത്ത തിരിച്ചടി; നവാബ് മാലിക്കിനെ വിലക്കാനാവില്ല, അഭിപ്രായം അവകാശം

മുംബൈ: മന്ത്രി നവാബ് മാലിക്കിനെതിരായ മാനനഷ്ട കേസില്‍ എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെക്ക് കനത്ത തിരിച്ചടി. വാംഖഡെക്കെതിരായി ട്വീറ്റ് ചെയ്യുന്നതില്‍ നിന്ന് നവാബ് മാലിക്കിനെ വിലക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി.

സര്‍ക്കാര്‍ സംവിധാനത്തിന് തിരുത്തല്‍ നടപടികള്‍ എടുക്കാന്‍ പ്രേരണയായതും സമീര്‍ വാംഖഡെക്കെതിരായ അന്വേഷണത്തിന് കാരണമായതും നവാബ് മാലിക്കിന്റെ പോസ്റ്റുകളാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനും, എതിരായി അഭിപ്രായം പറയാനും പൊതുജനത്തിന് അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ധ്യാന്‍ ദേവ് വാംഖഡെ നല്‍കിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ പരാമര്‍ശം.

അതേസമയം, എന്‍സിബി മുംബൈ യൂണിറ്റ് അടച്ചു പൂട്ടണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു. മുഖപത്രമായ സാംനയിലെ മുഖപ്രസംഗത്തിലാണ് ആവശ്യം. എന്‍സിബിയെ തുറന്നുകാട്ടിയ നവാബ് മാലിക്കിനെ പ്രകീര്‍ത്തിച്ചു കൊണ്ടാണ് മുഖപ്രസംഗം.

Top