പെഹ്‌ലുഖാന്‍ കേസ്: കോടതി ഉത്തരവ് അമ്പരപ്പിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി

ആല്‍വാര്‍: പെഹ്‌ലുഖാന്‍ കേസിലെ കോടതി ഉത്തരവ് അമ്പരപ്പിക്കുന്നതാണെന്ന് പ്രിയങ്ക ഗാന്ധി. ആള്‍ക്കൂട്ട കൊലതകങ്ങള്‍ മൃഗീയമായ പ്രവൃത്തിയാണ്. മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ രാജ്യത്തു നിന്ന് തുടച്ചു നീക്കപ്പെടണം. കുടുംബത്തിന് നീതി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രിയങ്ക ട്വീറ്ററില്‍ കുറിച്ചു.

രാജസ്ഥാനിലെ ആല്‍വാറില്‍ കര്‍ഷകനായ പെഹ്‌ലു ഖാനെ അടിച്ചുകൊന്ന കേസില്‍ ആറ് പ്രതികളെയും വെറുതെ വിട്ടുകൊണ്ട് കഴിഞ്ഞ ദിവസമാണ് ആല്‍വാര്‍ അഡിഷണല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്. സംശയത്തിന്റെ ആനുകൂല്യത്തിലാണ് പ്രതികളെ വെറുതെ വിട്ടത്. ആള്‍ക്കൂട്ട ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

2017 ഏപ്രില്‍ ഒന്നിനാണ് ഗോരക്ഷകര്‍ ഡല്‍ഹി – ആല്‍വാര്‍ ദേശീയ പാതയില്‍ വെച്ച് പെഹ്‌ലുഖാനെ ആക്രമിച്ചത്. ഹരിയാന സ്വദേശിയായ ഈ 55കാരന്‍ റമദാന്‍ ആവുമ്പോഴേക്കും പാല്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനായി പശുക്കളെ വാങ്ങാനാണ് ജയ്പൂരിലെത്തിയത്. പശുക്കളുമായി തിരിച്ചുപോകുമ്പോള്‍ കാലിക്കടത്ത് ആരോപിച്ച് ഒരു സംഘം ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏപ്രില്‍ 3ന് പെഹ്‌ലുഖാന്‍ മരിക്കുകയായിരുന്നു.

Top