കൊറിയര്‍ മുഖേന പാവക്കുട്ടിക്കുള്ളില്‍ ഒളിപ്പിച്ചു; 50 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

നെടുമ്പാശ്ശേരി: കൊറിയര്‍ മുഖേന അയക്കാന്‍ ശ്രമിച്ച പാവക്കുട്ടിയില്‍ ഒളിപ്പിച്ച 50 ഗ്രാം കഞ്ചാവ് പിടികൂടി. നെടുംമ്പാശ്ശേരി വിമാനത്താവളം വഴി ഷാര്‍ജയിലേയ്ക്കാണ് 30 പൊതികളിലായി കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.

ആലുവ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സോജന്‍ സെബാസ്റ്റിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശി സഞ്ജു സാമുവല്‍ എന്നയാള്‍ക്കെതിരെ കേസ്സെടുത്തു.

കൊല്ലത്തെ ഒരു പ്രമുഖ കൊറിയര്‍ സ്ഥാപനം വഴിയാണ് ഇയാള്‍ പാവക്കുട്ടിയെ അയച്ചത്. ഇത് നെടുമ്പാശ്ശേരിയില്‍ എത്തിയപ്പോള്‍ സംശയം തോന്നിയ കൊറിയര്‍ അധികൃതര്‍ ആലുവ എക്‌സൈസ് സര്‍ക്കിര്‍ ഇന്‍സ്‌പെക്ടര്‍ സോജന്‍ സെബാസ്റ്റിനെ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാവക്കുട്ടിയില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.

ഷാര്‍ജയിലെ അല്‍ ബ്രിസിം കമ്പനിയിലെ മേല്‍വിലാസത്തില്‍ നിസ്സാര്‍ എന്നയാള്‍ക്കാണ് കൊറിയര്‍ അയക്കാന്‍ ലക്ഷ്യമിട്ടത് . ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ഷാര്‍ജയിലേക്കും വ്യാപിപ്പിക്കുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

Top