വ്യത്യസ്ത ജാതിയില്‍ നിന്നുള്ളവര്‍ ഒരുമിച്ച് കിടക്ക പങ്കിടുന്നു; ബിഗ് ബോസിനെതിരെ ബിജെപി എംഎല്‍എ

ന്യൂഡല്‍ഹി : വിവധ ഭാഷകളില്‍ സംപ്രേഷണം ചെയ്യുന്ന ടിവി റിയാലിറ്റി ഷോ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിനെതിരെ വിമര്‍ശനവുമായി ബിജെപി എംഎല്‍എ. സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ഹിന്ദി പതിപ്പിനെതിരെയാണ് ഗാസിയാബാദ് എംഎല്‍എ നന്ദ് കിഷോര്‍ ഗുജ്ജര്‍ വാര്‍ത്താവിതരണ മന്ത്രാലയത്തിന് കത്ത് നല്‍കിയിരിക്കുന്നത്.

ബിഗ് ബോസ് ഷോ അശ്ലീലവും പ്രാകൃതവുമാണെന്നും കുടുംബത്തിനൊപ്പം കാണാന്‍ കൊള്ളാത്തതാണെന്നും ഷോ
സംപ്രേക്ഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും എംഎല്‍എ കത്തില്‍ ആരോപിക്കുന്നു. കുട്ടികളും പ്രായപൂര്‍ത്തിയാകാത്തവരും കാണുന്ന ടിവി പരിപാടിയിലാണ് ഇത്തരം അശ്ലീല രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും കത്തില്‍ ആരോപിക്കുന്നു

” ബിഗ് ബോസില്‍ രാജ്യത്തിന്റെ സംസ്‌കാരിക മൂല്യങ്ങളെ ഹനിക്കുന്ന വളരെ അടുത്തിടപഴകുന്ന രംഗങ്ങളുണ്ട്. വ്യത്യസ്ത ജാതിയില്‍ നിന്നുള്ളവര്‍ ഒരുമിച്ച് ഒരു കിടക്കയില്‍ കിടക്കുന്നത് അംഗീകരിക്കാനാവില്ല.ഒരു ഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ നഷ്ടപ്പെട്ട പ്രതാപം തിരുച്ചുപിടിക്കാന്‍ ശ്രമം നടത്തുമ്പോള്‍ ഈ തരത്തിലുള്ള പരിപാടികള്‍ രാജ്യത്ത് സാംസ്‌കാരികമൂല്യം നശിപ്പിക്കുകയാണെന്നും ഗുര്‍ജാര്‍ പറഞ്ഞു.

ഭാവിയില്‍ ഇത്തരം പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നത് തടയുന്നതിനായി കാര്യക്ഷമതയുള്ള സെന്‍സറിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും നന്ദ് കിഷോര്‍ ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും കുട്ടികള്‍ക്കും തെറ്റായ സന്ദേശമാണ് ഇത്തരം പരിപാടികള്‍ നല്‍കുന്നതെന്നും നന്ദ് കിഷോര്‍ കൂട്ടിച്ചേര്‍ത്തു.

ബിഗ് ബോസിനെതിരെ ബ്രാഹ്മണ്‍ മഹാസഭയും രംഗത്തെത്തിയിട്ടുണ്ട്. ഗാസിയാബാദ് ജില്ലാ മജിസ്‌ട്രേറ്റിന് മഹാസഭ നിവേദനം നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് നവ് നിര്‍മാണ്‍ സേനയുടെ പ്രസിഡന്റ് അമിത് ജാനിയും സമരത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ചു. യുവപങ്കാളികള്‍ കിടക്ക പങ്കിടുന്ന രംഗങ്ങള്‍ ദേശീയ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നതിനെതിരെ ആര്‍എസ്എസ് പ്രതികരിക്കാത്തതില്‍ അതിശയമുണ്ടെന്നും അമിത് ജാനി പറഞ്ഞു.

Top