കമിതാക്കള്‍ കൊല്ലപ്പെട്ടു; ദുരഭിമാനക്കൊലയെന്ന് കര്‍ണാടക പൊലീസ്

ബെംഗളൂരു: കര്‍ണാടകയില്‍ കമിതാക്കള്‍ കൊല്ലപ്പെട്ടു. 19 വയസുകാരനായ യുവാവും 16 കാരിയായ കുട്ടിയുമാണ് കൊല്ലപ്പെട്ടത്. ഇരുവരെയും കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കര്‍ണാടകയിലെ വിജയപുര ജില്ലയിലാണ് സംഭവം.

സലാദിഹല്ലി ബസവ്രാജ് ബഡിഗെരി (19) എന്ന യുവാവും ഖനാപൂര്‍ ഗ്രാമത്തിലെ 16 കാരിയുമാണ് കൊല്ലപ്പെട്ടത്. ഇരുവരും വ്യത്യസ്ത മതങ്ങളില്‍ പെട്ടവരായതിനാല്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഇവരുടെ ബന്ധത്തിന് എതിരായിരുന്നു എന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവം മറ്റൊരു ദുരഭിമാനക്കൊലപാതകം ആണോ എന്ന് സംശയമുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയെന്നും കല്‍കേരി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അച്ഛനെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

 

Top