വിവാഹമോചനം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും ഒന്നിക്കണമെന്ന ആവശ്യവുമായി ദമ്പതികള്‍

അബുദാബി: വിവാഹമോചനം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടുമൊരുമിച്ച് ജീവിക്കണമെന്ന ദമ്പതികളുടെ ആവശ്യം തള്ളി പേഴ്‌സണല്‍ സ്റ്റാറ്റസ് കോടതി. വിവാഹ മോചനം റദ്ദാക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ഇസ്ലാമിക നിയമപ്രകാരമുള്ള ദമ്പതികളുടെ ഒന്നാമത്തെയും രണ്ടാമത്തെയും തലാഖുകള്‍ റദ്ദാക്കണമെന്ന ആവിശ്യമാണ് കോടതി തള്ളിയത്.

12 വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. അമിത ദേഷ്യക്കാരനായ ഭര്‍ത്താവുമായി ഒരുമിച്ചുള്ള കുടുംബ ജീവിതം സാധ്യമല്ലാത്തതിനാല്‍ ഇയാള്‍ ഭാര്യയെ രണ്ട് തവണ തലാഖ് ചൊല്ലി. പിന്നെയും ഇരുവരും ഒരുമിച്ച് ജീവിച്ചു. രണ്ട് വര്‍ഷം മുമ്പാണ് ഇനിയും തുടര്‍ന്ന് പോകാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ വിവാഹമോചനം തേടിയത്. നേരത്തെ രണ്ട് തവണ തലാഖ് ചൊല്ലിയത് ഉള്‍പ്പെടെ പരിഗണിച്ച് കോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചു.

എന്നാല്‍ ഇപ്പോള്‍ ഇരുവരും ഒരുമിച്ചുള്ള ജീവിതം ആഗ്രഹിക്കുന്നതിനാല്‍ തങ്ങളുടെ ഒന്നാമത്തെയും രണ്ടാമത്തെയും തലാഖുകള്‍ റദ്ദാക്കി വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായിട്ടാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്. വിവാഹമോചന സമയത്ത് താന്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും അതുകൊണ്ടാണ് താന്‍ രണ്ട് തവണ തലാഖ് ചൊല്ലിയതെന്നുമാണ്‌ ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞത്.

എന്നാല്‍ ഇസ്ലാമിക നിയമപ്രകാരം മൂന്ന് തലാഖുകളോടെ വിവാഹബന്ധം വേര്‍പ്പെടുത്തിയാല്‍ പിന്നീട് വിവാഹബന്ധം പുനഃസ്ഥാപിക്കാനാവില്ലെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

Top