സുപ്രീം കോടതിക്ക് മുന്നില്‍ ദമ്പതികള്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു; ഭര്‍ത്താവ് മരിച്ചു

ന്യൂഡല്‍ഹി: സുപ്രീംകോടതിക്ക് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിലെ ഭര്‍ത്താവ് മരിച്ചു. ഓഗസ്റ്റ് 16നാണ് ദമ്പതികള്‍ സുപ്രീംകോടതിയുടെ പ്രധാനസമുച്ചയത്തിന് മുന്നിലെ റോഡില്‍ ആത്മഹത്യാശ്രമം നടത്തിയത്.

ഓഗസ്റ്റ് 16ന് ഉച്ചയോടെ സുപ്രീംകോടതിയുടെ മുന്നില്‍ വച്ചാണ് യുവതിയും യുവാവും ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്. ബിഎസ്പി എംപി അതുല്‍ റായ് തന്നെ ബലാത്സംഗം ചെയ്‌തെന്ന് യുവതി പരാതിപ്പെട്ടിരുന്നു. പരാതിയില്‍ ഒരു നടപടിയുമുണ്ടായില്ലെന്നാണ് യുവതി ആരോപിച്ചത്. എംപിയെ പൊലീസ് സഹായിക്കുന്നു എന്നും യുവതി ദേഹത്ത് മണ്ണെണ്ണ ഒഴിക്കുന്നതിനിടെ ആരോപിച്ചു. ഇതേത്തുടര്‍ന്നാണ് 27കാരനായ ഭര്‍ത്താവിനൊപ്പമെത്തി യുവതി സുപ്രീംകോടതിക്ക് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘം ഓടിയെത്തി, പുതപ്പുകൊണ്ട് തീയണച്ച് ഇരുവരെയും തൊട്ടടുത്തുള്ള രാംമനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍, ഭര്‍ത്താവിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. അഞ്ച് ദിവസത്തിന് ശേഷം, യുവാവിന്റെ നില വഷളായി, ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

Top