ദമ്പതികളെ നടുറോഡില്‍ മര്‍ദ്ദിച്ച സംഭവം ; കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: വയനാട് അമ്പലവയലില്‍ നടു റോഡില്‍ ദമ്പതികള്‍ക്കു മര്‍ദ്ദനമേറ്റ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. സംഭവം അത്യന്തം വേദനാജനകമാണെന്നും ഇതുപോലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ സമൂഹ മനസാക്ഷി ഉണരേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ഉത്തരേന്ത്യയില്‍ കാണുന്നതുപോലെയുള്ള ആള്‍ക്കൂട്ട ആക്രമണം, സ്ത്രീകള്‍ക്ക് നേരെ നടക്കുന്നത് സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് ഇത്രയേറെ പുരോഗതി നേടിയ കേരളത്തിന് ഒട്ടും ഭൂഷണമല്ലെന്ന് കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

അതേസമയം അക്രമി ഒളിവിലെന്നാണ് സൂചന. അമ്പലവയല്‍ സ്വദേശി സജീവാനന്ദാണ് ഒളില്‍ പോയിരിക്കുന്നത്. പ്രതി സജീവാനന്ദ് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.

വയനാട് അമ്പലവയലില്‍ നടുറോഡില്‍ ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ദൃക്‌സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു പോലീസ് കേസെടുത്തത്. ദമ്പതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇവര്‍ പാലക്കാട് സ്വദേശികളാണെന്ന് സൂചനയുണ്ട്. അമ്പയവയലിലെ ഹോട്ടലില്‍ മുറി എടുത്തിരുന്നു. പാലക്കാട്ടെ വിലാസമാണ് ഇവര്‍ നല്‍കിയത്. ഇതു സംബന്ധിച്ചു സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്.

അതേസമയം സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. യുവതിയെ മര്‍ദ്ദിച്ച സംഭവം അപലപനീയമെന്നും കാരണം എന്തുതന്നെ ആയാലും സ്ത്രീയെ നടുറോഡില്‍ ആക്രമിച്ചത് ന്യായീകരിക്കാന്‍ ആകില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പ്രതികരിച്ചു. ആക്രമിച്ചത് ആരാണെങ്കിലും ശക്തമായ നടപടി സ്വീകരിക്കാനും അവരെ കസ്റ്റഡിയിലെടുക്കാനും പൊലീസിനോട് ആവശ്യപ്പെടുമെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട് സ്വദേശികളായ ദമ്പതികളെ വയനാട് അമ്പലയവയലില്‍ ഓട്ടോ ഓടിക്കുന്ന ജീവാനന്ദാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്ത യുവതിയെ ഇയാള്‍ കരണത്തടിക്കികും അസഭ്യം പറയുകയും ചെയ്തു.

പോലീസ് സറ്റേഷന് 200 കിലോ മീറ്റര്‍ അകലെ മാത്രമാണ് സംഭവം നടന്നത്. സംഭവത്തില്‍ പരാതി ലഭിക്കാത്തതിനാല്‍ പോലീസ് കേസെടുത്തില്ല. അതേസമയം, വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ പോലീസ് മേധാവി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top