നടിമാരുടെ ബോഡി ഗാര്‍ഡ് ആക്കാമെന്ന് തൊഴില്‍ വാഗ്ദാന തട്ടിപ്പ്; ദമ്പതികള്‍ അറസ്റ്റില്‍

ചെന്നൈ: ബോളിവുഡ് നടിമാരുടെ ബോഡി ഗാര്‍ഡായി ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍. മുംബൈ സ്വദേശികളായ ദീപാങ്കര്‍ ഗാസ് നാവിസ്, ഭാര്യ യസ്മിന്‍ ഖാന്‍ റസൂല്‍ ബീഗം എന്നിവരാണ് അറസ്റ്റിലായത്. അണ്ണാ നഗര്‍ സ്വദേശിയായ വ്യവസായി മനീഷ് ഗുപ്തയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറ്സ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 16 ലക്ഷത്തോളം രൂപ ദമ്പതികള്‍ തട്ടിയിട്ടുണ്ട്.

ദമ്പതികള്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി പണം തട്ടുന്ന റാക്കറ്റിലെ കണ്ണികളാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മെന്‍ക്സ്ഹെര്‍ എന്ന വെബ്സൈറ്റ് വഴിയാണ് ദമ്പതികള്‍ തട്ടിപ്പ് നടത്തിയത്. ബോളിവുഡ് നടിമാരുടെ ബോഡി ഗാര്‍ഡ്, വനിതകള്‍ക്ക് എസ്‌കോര്‍ട്ട് സേവനം തുടങ്ങിയ ജോലികള്‍ വാഗ്ദാനം ചെയ്തായിരുന്നു പരസ്യം. 10,000 രൂപയായിരുന്നു രജിസ്ട്രേഷന്‍ ഫീസ്.

രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഫോട്ടോ സൈറ്റില്‍ അപ്ലോഡ് ചെയ്യാം. ഫോട്ടോയ്ക്ക് ലഭിക്കുന്ന ലൈക്കുകളുടെ അടിസ്ഥാനത്തിലാണ് ജോലിയ്ക്കായി വിളിപ്പിക്കുന്നത്. 2019ല്‍ രജിസ്റ്റര്‍ ചെയ്ത മനീഷ് ഇതിനോടകം 16.51 ലക്ഷം രൂപ പ്രതികള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. മുംബൈയില്‍ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. നേരത്തെ അശ്ലീല സിനിമകള്‍ നിര്‍മ്മിച്ചതിന് ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്

 

Top