സ്വര്‍ണ്ണാഭരണങ്ങളും പണവും അപഹരിച്ച കേസിലെ ദമ്പതികള്‍ പിടിയില്‍

ആലപ്പുഴ: യുവാവിനെ ലഹരിപാനീയം നല്‍കി മയക്കി സ്വര്‍ണ്ണാഭരണങ്ങളും പണവും അപഹരിച്ച കേസിലെ ദമ്പതികള്‍ പിടിയിലായി. മാന്നാര്‍ ചെങ്ങന്നൂര്‍, മുളക്കുഴ കാരയ്ക്കാട് തടത്തില്‍ മേലേതില്‍ രാഖി (31) ഭര്‍ത്താവ് പന്തളം, കുളനട, കുരമ്പാല മാവിള തെക്കേതില്‍ രതീഷ് എസ് നായര്‍ (36) എന്നിവര്‍ ആണ് അറസ്റ്റിലായത്. ചേര്‍ത്തല തുറവുര്‍ കുത്തിയതോട് കൊച്ചുതറയില്‍ വിവേക് (26) നെയാണ് പറ്റിച്ച് അഞ്ചര പവന്റെ സ്വര്‍ണ്ണാഭരണങ്ങളും സ്മാര്‍ട്ട് ഫോണും അപഹരിച്ചത്.

ഇതു സംബന്ധിച്ച് പൊലീസ് പറയുന്നത്, ഇങ്ങനെ കഴിഞ്ഞ 17 ന് ദമ്പതികള്‍ ചെങ്ങന്നൂരിലെത്തി വെള്ളാവൂര്‍ ജംഗ്ഷനിലുള്ള ഒരു ലോഡ്ജിലും, ആശുപത്രി ജംഗ്ഷനിലുള്ള മറ്റൊരു ലോഡ്ജിലും മുറിയെടുത്തു. ഫേസ് ബുക്ക് മെസഞ്ചറിലൂടെയാണ് രാഖി വിവേകുമായി സൗഹൃദം സ്ഥാപിച്ചത്. കേവലം ഒന്നര മാസത്തെ സുഹൃത്ത് ബന്ധമേ ഇവര്‍ തമ്മിലുളളു. ഇതിനായി ശാരദ ബാബു എന്ന ഫേസ്ബുക്ക് അക്കൗണ്ടാണ് രാഖി ഉപയോഗിച്ചത്.

രാഖി ഐ ടി ഉദ്യോഗസ്ഥയാണെന്നും സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചിരുന്നതാണെന്നും പറഞ്ഞാണ് സൗഹൃദത്തിന്റെ തുടക്കം.18-ന് രാഖിയുടെ സുഹൃത്തിന്റെ വിവാഹം ചെങ്ങന്നൂരില്‍ ഉണ്ടെന്നും വിവേക് ഇവിടെ എത്തിയാല്‍ ഓര്‍മ്മകള്‍ പുതുക്കാം എന്നും പറഞ്ഞാണ് അയാളെ ഇവിടേയ്ക്ക് ക്ഷണിച്ചു വരുത്തിയത്.

ഇതനുസരിച്ച് 18-ന് ചേര്‍ത്തലയിലെ വീട്ടില്‍ നിന്ന് ബൈക്കില്‍ ചെങ്ങന്നൂരിലെ ലോഡ്ജില്‍ ഉച്ചയോടെയാണ് വിവേക് എത്തിയത്. മൂന്നാം നിലയിലെ 9-ാം നമ്പര്‍ മുറിയിലാണ് രാഖി ഇരയ്ക്കായി കാത്തിരുന്നത്. രാഖിയുടെ നിര്‍ദേശം അനുസരിച്ച് വരുന്ന വഴിക്ക് രണ്ട് കുപ്പി ബിയറും ഭക്ഷണ സാധനങ്ങളും വാങ്ങിയാണ് വിവേക് എത്തിയത്. സൗഹൃദ സംഭാഷണത്തിന് ശേഷം ഇയാള്‍ ശുചി മുറിയില്‍ പോയി മടങ്ങി വന്നപ്പോള്‍ പൊട്ടിച്ച ഒരു കുപ്പി ബിയര്‍ നീട്ടിക്കൊണ്ട് കുടിക്കാനായി ക്ഷണിച്ചു.

കുപ്പിയില്‍ നിന്നും അസാമാന്യ രീതിയില്‍ പത ഉയരുന്നത് കണ്ട് സംശയം തോന്നിയെങ്കിലും രാഖി അനുനയിപ്പിച്ച് ബിയര്‍ കുടിപ്പിക്കുകയായിരുന്നു. ബിയര്‍ കുടിച്ചതിനെത്തുടര്‍ന്ന് മയക്കത്തിലായ വിവേകിനെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നി രാത്രി 10 മണിയോടെ വിളിച്ചുണര്‍ത്തുകയായിരുന്നു. ഹോട്ടല്‍ ഉടമയുടെ നിര്‍ബന്ധപ്രകാരം ആണ് ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. അന്നേ ദിവസം രാവിലെ മറ്റൊരു ഇരയെ വീഴ്ത്താന്‍ ഇവര്‍ തന്ത്രം മെനഞ്ഞെങ്കിലും ഹോട്ടല്‍ ഉടമയുടെ വിദഗ്ധമായ നീക്കത്തെത്തുടര്‍ന്ന് സംഗതി പൊളിയുകയായിരുന്നു.

യുവാവിനെപ്പറ്റിച്ച ശേഷം ദമ്പതികള്‍ അവരുടെ കാറില്‍ കന്യാകുമാരിയിലേക്ക് പുറപ്പെട്ടു .അവിടെയാണിവര്‍ വാടകയ്ക്ക് താമസിച്ചിക്കുന്നത്. അവിടെ അന്വേഷിച്ച് ചെന്നങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. രതീഷിന്റെ കാറിന്റെ നമ്പര്‍ പരിശോധിച്ചതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ തെളിവുകളിലൂടെയും ഞായറാഴ്ച പുലര്‍ച്ചെയോടെ പളനിയില്‍ നിന്ന് ഇവരെ പിടികൂടുകയായിരുന്നു.

ഈ സമയം ഇവരുടെ കുട്ടിയും കൂടെയുണ്ടായിരുന്നു. സ്വര്‍ണ്ണം കന്യാകുമാരിയില്‍ വിറ്റിരുന്നു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഇവര്‍ ചിലവഴിക്കുന്നത്. ഓച്ചിറ എറണാകുളം, പാലാരിവട്ടം തുടങ്ങിയ സ്ഥലങ്ങളില്‍ സമാനമായ രീതിയില്‍ യുവാക്കളെപ്പറ്റിച്ച് സ്വര്‍ണ്ണാഭരണങ്ങളും വില കൂടിയ ഫോണും കൈക്കലാക്കിയിരുന്നു. ഈ പ്രകാരം തട്ടിപ്പിന് ഇരയായവരുടെ നിരവധി ഫോണ്‍ കോളുകള്‍ പൊലീസിനു ലഭിച്ചു വരുന്നു. അവയെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. റിമാന്റ് ചെയ്തു.

 

Top