മോദി സര്‍ക്കാര്‍ എഴുതിത്തള്ളിയ കിട്ടാക്കടം 10.72 ലക്ഷം കോടി; ഭൂരിഭാഗവും വന്‍കിട കുത്തക കമ്പനികളുടേത്‌

തിരുവനന്തപുരം : കഴിഞ്ഞ സാമ്പത്തികവര്‍ഷം രാജ്യത്തെ ബാങ്കുകള്‍ എഴുതിത്തള്ളിയത് 2.02 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണെന്ന് സിപിഐഎം. ഇതോടെ കഴിഞ്ഞ 10 വര്‍ഷത്തില്‍ ഇന്ത്യന്‍ ബാങ്കുകള്‍ എഴുതിത്തള്ളിയ കിട്ടാക്കടം 11.68 ലക്ഷം കോടിയായി. ഇതില്‍ 10.72 ലക്ഷം കോടി രൂപയും എഴുതിത്തള്ളിയത് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ്. വിവരാവകാശ നിയമപ്രകാരം റിസര്‍വ് ബാങ്ക് നല്‍കിയ മറുപടിയിലാണ് ഈ കണക്കുകളുള്ളതെന്ന് സിപിഐഎം വ്യക്തമാക്കി.

ബാങ്കുകള്‍ ഭക്ഷ്യ ഇതരമേഖലയില്‍ മൊത്തം നല്‍കിയ വായ്പകളുടെ 10 ശതമാനത്തോളം തുകയാണ് 10 വര്‍ഷത്തിനിടെ എഴുതിത്തള്ളിയത്. 110.79 ലക്ഷം കോടി രൂപയാണ് ഭക്ഷ്യ ഇതര മേഖലയിലെ മൊത്തം വായ്പ. നടപ്പുവര്‍ഷത്തെ ബജറ്റ് പ്രകാരം വിപണിയില്‍ നിന്ന് കേന്ദ്രം കടമെടുക്കാന്‍ ഉദ്ദേശിക്കുന്നത് 12.05 ലക്ഷം കോടി രൂപയാണ്.

ഏതാണ്ട് ഇത്രത്തോളം വരുന്ന തുകയാണ് ബാങ്കുകള്‍ വേണ്ടെന്നുവച്ച്‌ എഴുതിത്തള്ളിയത്. ഈ എഴുതിത്തള്ളലില്‍ 75 ശതമാനവും നടത്തിയത് പൊതുമേഖലാ ബാങ്കുകളാണ്. 2019-20ല്‍ 2.34 ലക്ഷം കോടി, 2018-19ല്‍ 2.36 ലക്ഷം കോടി, 2017-18ല്‍ 1.61 ലക്ഷം കോടി, 2016-17ല്‍ 1.08 ലക്ഷം കോടി എന്ന ക്രമത്തിലാണ് = ബാങ്കുകള്‍ എഴുതിത്തള്ളിയ തുക.

കിട്ടാക്കടം വരുത്തിയ കുത്തക കമ്പനികളുടെയോ രാജ്യത്തെ കോടീശ്വരന്മാരുടെയോ പേരുകള്‍ ബാങ്കുകള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും സിപിഐഎം കുറിപ്പില്‍ പറഞ്ഞു. വന്‍കിട കുത്തകക്കാരാണ് വായ്പ മുടക്കിയവരില്‍ ഏറിയപങ്കും. രാജ്യത്തെ പൊതുജനങ്ങളോടും കുത്തകകളോടും രണ്ട് തരം സമീപനമെന്ന നിലയ്ക്കാണ് രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം എന്നത് തെളിയിക്കുന്നതാണ് ഈ കണക്കുകള്‍.

കോടികള്‍ ആസ്തി ഉണ്ടായിട്ടും കടം തിരിച്ചടയ്ക്കാത്ത കോര്‍പ്പറേറ്റുകളുടെ കടം എഴുതിത്തള്ളുന്ന സമീപനം രാജ്യത്തെ സാധാരണ പൗരന്മാരോടുള്ള വെല്ലുവിളിയാണെന്നും സിപിഐഎം വ്യക്തമാക്കി.

Top