രാജ്യം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രണ്ടക്ക ജിഡിപി വളര്‍ച്ച കൈവരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രണ്ടക്ക ജിഡിപി വളര്‍ച്ച കൈവരിക്കുമെന്ന ഉറപ്പില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂലൈ – സെപ്തംബര്‍ പാദവാര്‍ഷികത്തില്‍ 8.4 ശതമാനം വളര്‍ച്ച നേടിയതാണ് കേന്ദ്രമന്ത്രിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്. ഫെഡറേഷന്‍ ഓഫ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രിയുടെ 94ാമത് വാര്‍ഷിക കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും മികച്ച വളര്‍ച്ച നേടുന്ന രാജ്യമായി ഇന്ത്യ മാറുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം രണ്ടക്ക വളര്‍ച്ച നേടിയാലും താന്‍ അദ്ഭുതപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറക്കുമതി കുറയ്ക്കാന്‍ രാജ്യത്ത് മാനുഫാക്ചറിങ് രംഗം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ഫിക്കി ഭാരവാഹികളോട് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ വലിയ ചുവടുവെപ്പുകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2014 ന് ശേഷം കേന്ദ്രസര്‍ക്കാരിനെതിരെ ഒരു അഴിമതി ആരോപണം പോലും ഉയര്‍ന്നിട്ടില്ലെന്നത് തങ്ങളുടെ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ചില തെറ്റായ തീരുമാനങ്ങള്‍ കേന്ദ്രത്തിന്റെ ഭാഗത്തുണ്ടായിട്ടുണ്ടാകാം. എന്നാല്‍ രാജ്യം വലിയ മാറ്റങ്ങള്‍ക്ക് ഏഴ് വര്‍ഷത്തിനിടെ സാക്ഷ്യം വഹിച്ചുവെന്ന് വിമര്‍ശകര്‍ പോലും ശരിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top