വീരമൃത്യു വരിച്ച ധീര ജവാന്‍മാര്‍ക്ക് മരണാനന്തര ബഹുമതിയായി കീര്‍ത്തിചക്ര പുരസ്‌കാരം

ന്യൂഡല്‍ഹി: തീവ്രവാദികളോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച 3 സൈനികര്‍ക്ക് കീര്‍ത്തിചക്ര പുരസ്‌കാരം.

മേജര്‍ ഡേവിഡ് മാന്‍ലന്‍, കശ്മീരിലെ നൗഗാം സെക്ടറില്‍ നിയന്ത്രണരേഖയില്‍ തീവ്രവാദികളുടെ വെടിയേറ്റു മരിച്ച ഹവീല്‍ദാര്‍ ഗിരിസ് ഗുരുങ്, കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ശ്രീനഗറിലെ നൗഹട്ടയില്‍ സിആര്‍പിഎഫ് ആസ്ഥാനത്തു ഭീകരരെ ധീരമായി നേരിട്ട കമന്‍ഡാന്റ് പ്രമോദ്കുമാര്‍ എന്നിവര്‍ക്കാണ് മരണാനന്തര ബഹുമതിയായി കീര്‍ത്തി ചക്ര നല്കി രാജ്യം ആദരിച്ചത്.

മേജര്‍ പ്രീതം സിങ് കന്‍വര്‍ (ഗഡ്‌വാള്‍ റൈഫിള്‍സ്), സിആര്‍പിഎഫ് കമന്‍ഡാന്റ് ചേതന്‍കുമാര്‍ ചീറ്റ എന്നിവരും കീര്‍ത്തിചക്രയ്ക്ക് അര്‍ഹരായി. കശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒന്‍പതുതവണ വെടിയേറ്റിട്ടും വീണ്ടും ധീരമായി പൊരുതിയ സൈനികനാണു ചീറ്റ.

കശ്മീരിലെ ഹന്ദ്‌വാരയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മേജര്‍ സതീഷ് ദഹിയ എന്നിവരുള്‍പ്പെടെ 17 പേര്‍ക്ക് ശൗര്യ ചക്ര മെഡലും സമ്മാനിച്ചു.

സതീഷിനു പുറമെ നായിക് ഗോസാവി കുനാല്‍ മുന്നഗിര്‍, നായിക് ചന്ദ്ര സിങ്, ലാന്‍സ് നായിക് രഘുബീര്‍ സിങ്, ലാന്‍സ് നായിക് ഭന്ദോരിയ ഗോപാല്‍ സിങ്, ജമ്മു കശ്മീര്‍ പൊലീസ് കോണ്‍സ്റ്റബിള്‍ മന്‍സൂര്‍ അഹമ്മദ് നായിക് എന്നിവരാണ് മരണാനന്തര ബഹുമതിയായാണു ശൗര്യ ചക്രയ്ക്ക് അര്‍ഹരായത്.

ലഫ്. കേണല്‍ എം. അരുണ്‍കുമാര്‍, മേജര്‍ ആര്‍. ഋഷി, മേജര്‍ എസ്. അരുണ്‍, ക്യാപ്റ്റന്‍ രാകേഷ് നായര്‍, നായിക് രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെടെ 85 സൈനികര്‍ ധീരതയ്ക്കുള്ള സേനാ മെഡലിനും അര്‍ഹരായി. കൂടാതെ രണ്ടുപേര്‍ ധീരതയ്ക്കുള്ള വ്യോമസേനാ മെഡലിനും മൂന്നുപേര്‍ ധീരതയ്ക്കുള്ള നവ് സേനാ മെഡലിനും അര്‍ഹരായി.

ധീരസേവനത്തിനുള്ള രാഷ്ട്രപതിയുടെ പ്രത്യേക പുരസ്‌കാരത്തിനു ക്യാപ്റ്റന്‍ വരുണ്‍ കൃഷ്ണകുമാര്‍, ക്യാപ്റ്റന്‍ കുമാര്‍ അരുണ്‍, നായിക് സഞ്ജീവന്‍ കുമാര്‍ എന്നിവരും അര്‍ഹരായി.

Top