രാജ്യത്തു നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി വളര്‍ച്ചയില്‍ സര്‍വകാല റെക്കോര്‍ഡ്

കൊച്ചി: ഇന്ത്യയുടെ സുഗന്ധവ്യഞ്ജന കയറ്റുമതി റെക്കോര്‍ഡ് വളര്‍ച്ച കൈവരിച്ചു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ എട്ടു ശതമാനമാണ് കയറ്റുമതി വര്‍ധനയുള്ളത്. 17,929.55 കോടി രൂപ വിലവരുന്ന 10,28,060 ടണ്‍ സുഗന്ധവ്യഞ്ജനങ്ങളാണ് ഇക്കാലയളവില്‍ രാജ്യത്തു നിന്നും കയറ്റുമതി ചെയ്തത്.

2016-17 സാമ്പത്തിക വര്‍ഷത്തില്‍ 17,664.61 കോടി രൂപ വിലവരുന്ന 9,47,790 ടണ്‍ സുഗന്ധവ്യഞ്ജനങ്ങളാണ് കയറ്റുമതി ചെയ്തത്. പുതിയ കണക്കു പ്രകാരം കയറ്റുമതി മൂല്യം രൂപ നിരക്കില്‍ ഒരു ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. 2017-18 ല്‍ സുഗന്ധവ്യഞ്ജന കയറ്റുമതിയിലൂടെ ലഭിച്ച ഡോളര്‍ വരുമാനം 2,781.46 ദശലക്ഷമാണ്. 2016-17 സാമ്പത്തിക വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം വര്‍ധനയാണ് ഡോളര്‍ വരുമാനത്തില്‍ നേടിയത്.

17665.10 കോടി രൂപ(2,636.58 ദശലക്ഷം ഡോളര്‍) മൂല്യം വരുന്ന 10,23,000 ടണ്‍ സുഗന്ധവ്യഞ്ജന കയറ്റുമതിയാണ് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ അളവിലും മൂല്യത്തിലും ഈ ലക്ഷ്യത്തിനപ്പുറത്തേക്ക് കയറ്റുമതി കടന്നു. കയറ്റുമതി ലക്ഷ്യം അളവില്‍ 100 ശതമാനവും രൂപ മൂല്യത്തില്‍ 101 ശതമാനവും ഡോളര്‍ മൂല്യത്തില്‍ 105 ശതമാനവുമാണ് കൈവരിച്ചത്.ഏലം, ജീരകം, വെളുത്തുള്ളി, കായം, പുളി എന്നീ വ്യഞ്ജനങ്ങളും അയമോദകം, കടുക്, ദില്‍ വിത്ത്, പോപ്പി വിത്ത് എന്നീ വിത്തിനങ്ങളും അളവിലും മൂല്യത്തിലും വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളായ കറിപ്പൊടി/പെയ്സ്റ്റ്, സുഗന്ധവ്യഞ്ജന എണ്ണകള്‍, സത്തുകള്‍ എന്നിവയുടെ അളവിലും മൂല്യത്തിലും വര്‍ധനയുണ്ടായി. മുളക്, മല്ലി, സെലറി, ജാതിയ്ക്ക, ജാതിപത്രി എന്നിയുടെ കയറ്റുമതി അളവില്‍ വര്‍ധനയുണ്ടായപ്പോള്‍ പുതിന കയറ്റുമതി മൂല്യത്തില്‍ വര്‍ധന കൈവരിച്ചു.

Top