മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കുന്നതു ശരിയല്ല: ബിജെപി എംഎല്‍എ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. ബിജെപിയിലും നിയമത്തിനെതിരെ ഭിന്നാഭിപ്രായം ഉടലെടുക്കുന്നുണ്ട്. നിരവധി ബിജെപി നേതാക്കളാണ് നിയമത്തിനെതിരെ പരസ്യമായി തന്നെ രംഗത്തെത്തിയത്. ഇപ്പോഴിതാ ദേശീയ പൗരത്വ ഭേദഗതി ഭരണഘടനയ്ക്ക് എതിരാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി എംഎല്‍എ നാരായണ്‍ ത്രിപാഠി.

“ദേശീയ പൗരത്വ രജിസ്റ്റര്‍ പോലുള്ള ഏതുതരം പ്രവര്‍ത്തിയെയും ഞാന്‍ എതിര്‍ക്കുന്നു. ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് അവരുടെ പൗരത്വം തെളിയിക്കാന്‍ കഴിയില്ല എന്നതാണ് ഇതിനു കാരണം.ഗ്രാമങ്ങളിലുള്ളവര്‍ ഒരു റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ ബുദ്ധിമുട്ടുകയാണ്. അവരെങ്ങനെ പൗരത്വം തെളിയിക്കു”മെന്നും ത്രിപാഠി ചോദിക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ നിയമം രാജ്യത്തിന്റെ എല്ലാ തെരുവുകളിലും ആഭ്യന്തര യുദ്ധത്തിനു സമാനമായ സ്ഥിതി സൃഷ്ടിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൗരത്വ നിയമം രാജ്യത്തിന് ഗുണപരമല്ല.ആഭ്യന്തര യുദ്ധാന്തരീക്ഷം നിലനില്‍ക്കുന്ന രാജ്യത്തു വികസനമുണ്ടാകില്ല. ഈ സാഹചര്യം മനസിലാക്കുന്നതുകൊണ്ടാണു താന്‍ ദേശീയ പൗരത്വ ഭേദഗതിയെ എതിര്‍ക്കുന്നതെന്നും ത്രിപാഠി വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതി ബിജെപിയുടെ വോട്ട് ബാങ്കിനെ ഏകീകരിക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണെന്ന് മധ്യപ്രദേശില്‍നിന്നുള്ള നിയമസഭാംഗമായ ത്രിപാഠി ആരോപിച്ചു.

ബിജെപി നിര്‍ബന്ധമായും ബാബാ സാഹബ് അംബേദ്കറുടെ ഭരണഘടന പിന്തുടരണം. അതിനു കഴിയുന്നില്ലെങ്കില്‍ ഭരണഘടന വലിച്ചു കീറി ദൂരെയെറിയണം. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കുന്നതു ശരിയല്ലെന്നും ത്രിപാഠി പറഞ്ഞു.

Top