ഹാക്ക് ചെയ്യുന്നവർക്ക് 10 ലക്ഷം നൽകാമെന്ന വെല്ലുവിളിയുമായി രാജ്യത്തെ ആദ്യ ക്വാണ്ടം കമ്പ്യൂട്ടിംഗ് നെറ്റ്‌വര്‍ക്ക്

ദില്ലി: രാജ്യത്തെ ആദ്യത്തെ ക്വാണ്ടം കമ്പ്യൂട്ടിംഗ് അടിസ്ഥാനമാക്കിയുള്ള ടെലികോം നെറ്റ്‌വർക്ക് ലിങ്ക് തലസ്ഥാനത്ത് പ്രവർത്തനം തുടങ്ങി. ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. ടെലികോം വകുപ്പ് ആസ്ഥാനമായ സഞ്ചാൻ ഭവനും സജിഒ കോംപ്ലക്സിലെ നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററിനും ഇടയിലാണ് പുതിയ കമ്യൂണക്കേഷൻ ചാനൽ. ആദ്യ ഇന്റര്‍നാഷണല്‍ ക്വാണ്ടം കോണ്‍ക്ലേവിലായിരുന്നു ടെലികോം മന്ത്രിയുടെ പ്രഖ്യാപനം.

‘സഞ്ചാർ ഭവനും സിജിഒ കോംപ്ലക്‌സും തമ്മിലുള്ള ആദ്യത്തെ ക്വാണ്ടം സെക്യൂരിറ്റി കമ്മ്യൂണിക്കേഷൻ ലിങ്ക് ഇപ്പോൾ പ്രവർത്തനക്ഷമമാണ്. സിസ്റ്റത്തിന്റെ എൻക്രിപ്ഷൻ തകർക്കാൻ കഴിയുന്ന നൈതിക ഹാക്കർമാർക്ക് 10 ലക്ഷം സമ്മാനം നൽകും – അദ്ദേഹം പറഞ്ഞു. ഞങ്ങൾ ഒരു ഹാക്കത്തോൺ ചലഞ്ച് റൗണ്ട് ആരംഭിക്കുകയാണ്. ഈ സംവിധാനവും സിഡോട്ട് വികസിപ്പിച്ച സിസ്റ്റവും തകര്‍ക്കുന്ന ആര്‍ക്കും ഞങ്ങൾ പത്ത് ലക്ഷം രൂപ സമ്മാനമായി നൽകും എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള സേവനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഐടി സ്ഥാപനങ്ങളും വൻകിട കമ്പനികൾ ചെയ്യാറുള്ള സുരക്ഷാ പരിശോധനകൾക്ക് സമാനമായാണ് ഹാക്കത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്. പുത്തൻ ക്വാണ്ടം സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ ഹാക്കത്തോൺ എന്നും മന്ത്രി വ്യക്തമാക്കി. സി- ഡോട്ടിന്റെ ക്വാണ്ടം നെറ്റ്വര്‍ക്കിലേക്ക് നുഴഞ്ഞു കയറാൻ സാധിച്ചാൽ പത്ത് ലക്ഷം രൂപ സ്വന്തമാക്കാൻ ഹാക്കര്‍ക്ക് സാധിക്കും.

Top