ജനാധിപത്യത്തെ ശക്തിപ്പെടുത്തിയാണ് രാജ്യം മുന്നേറുന്നതെന്ന് പ്രധാനമന്ത്രി

അഹമ്മദാബാദ്:ഭാരതം ജനാധിപത്യത്തിന്റെ മാതാവാണെന്നും അതിനെ ശക്തിപ്പെടുത്തിയാണ് രാജ്യം മുന്നേറുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ച് സാബര്‍മതിയില്‍നിന്ന ദണ്ഡിയിലേക്കുള്ള സ്മൃതിയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ആസാദി കാ അമൃതമഹോത്സവ് എന്നപേരില്‍ 2023 ഓഗസ്റ്റ് 15 വരെ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി നടക്കുന്ന ആഘോഷങ്ങള്‍ക്കാണ് സാബര്‍മതിയില്‍ തുടക്കമായത്. ഉപ്പുസത്യാഗ്രഹത്തിന്റെ 91-ാം വാര്‍ഷികത്തിന്റെകൂടി ഭാഗമായാണ് ദണ്ഡിയാത്ര അതേവഴിയിലൂടെ വീണ്ടും നടത്തുന്നത്.

സ്വാതന്ത്ര്യത്തിനായി ജീവന്ഡ സമര്‍പ്പിച്ച അറിയപ്പെടാത്ത ധീരരുടെ സംഭാവനകളെ വെളിച്ചത്തുകൊണ്ടുവരാന്‍ കഴിഞ്ഞ ആറുവര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മോദി പറഞ്ഞു. ദണ്ഡിയാത്രയില്‍ പങ്കെടുത്തവരുടെ സ്മാരകം രണ്ടുവര്‍ഷം മുമ്പാണ് പൂര്‍ത്തീകരിച്ചത്. അന്തമാനില്‍ നേതാജി ആദ്യത്തെ സ്വതന്ത്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇടം ഇപ്പോള്‍ സംരക്ഷിച്ചിട്ടുണ്ട്. ‘ഉപ്പ്’ സമരത്തിന്റെ മാത്രമല്ല, സ്വാശ്രയത്വത്തിന്റെയും പ്രതീകമാണ്. ആത്മനിര്‍ഭര്‍ഭാരത് എന്ന സങ്കല്പവും ഇതുതന്നെയാണ് -അദ്ദേഹം തുടര്‍ന്നു.

ഒരു സ്വദേശി ഉത്പന്നം വാങ്ങിയശേഷം അതിന്റെ ചിത്രം ‘ലോക്കല്‍ ഈസ് വോക്കല്‍’ എന്ന് ട്വീറ്റ് ചെയ്യാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഓരോ ട്വീറ്റിനും സാബര്‍മതിയിലെ മാഗന്‍ നിവാസില്‍ സ്ഥാപിച്ചിരിക്കുന്ന ചര്‍ക്ക ഒരുവട്ടം തിരിയും. ആസാദി കാ അമൃതമഹോത്സവ് വെബ്സൈറ്റ്, തൊഴില്‍പരിശീലനം നല്‍കുന്ന ആത്മനിര്‍ഭര്‍ ഇന്‍കുബേറ്റര്‍ എന്നിവയും മോദി ഉദ്ഘാടനംചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കലാപ്രകടനങ്ങളും ചടങ്ങിലുണ്ടായി.

 

 

 

Top