രാജ്യം വീണ്ടും കോവിഡ് ഭീതിയിൽ; 46,951 പേര്‍ക്ക്കൂടി കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്തെ ആശങ്കയിലാഴ്ത്തി, കോവിഡ് കേസുകളില്‍ വീണ്ടും വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 46,951പേര്‍ കോവിഡ് ബാധിതരായി. 212 പേര്‍ മരിച്ചു. നവംബര്‍ ഏഴിനു ശേഷമുള്ള ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് വ്യാപനമാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,16,46,081 ആയി ഉയര്‍ന്നു.

1,59,967 മരണങ്ങളാണ് രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത്. 11,151,468 പേര്‍ ഇതുവരെ കോവിഡ് മുക്തരായി. 3,34,646 ആണ് രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം. 4,50,65,998 പേര്‍ ഇതിനകം തന്നെ വാക്‌സീന്‍ സ്വീകരിച്ചു കഴിഞ്ഞു.

അതീവ ജാഗ്രത വേണമെന്നും ജനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പുതിയ കേസുകളില്‍ 83.14% മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മധ്യപ്രദേശിലെ ഭോപാലില്‍ ഇന്നലെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഇന്‍ഡോര്‍, ജബല്‍പുര്‍ എന്നിവിടങ്ങളിലും വരുന്ന ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍ ഉണ്ടായിരിക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. 3 നഗരങ്ങളിലും ഈ മാസം 31 വരെ സ്‌കൂളുകളും കോളജുകളും അടച്ചു. ഡല്‍ഹിയില്‍ വാക്‌സീന്‍ വിതരണം വേഗത്തിലാക്കാന്‍ നടപടി ആരംഭിച്ചതായി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജയിന്‍ പറഞ്ഞു.

രാജസ്ഥാനിലെ അജ്‌മേര്‍, ജയ്പുര്‍, ജോധ്പുര്‍, ഉദയ്പുര്‍, കോട്ട എന്നിവയടക്കം 8 നഗരങ്ങളില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ആര്‍ടി പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്കു മാത്രമേ 25 മുതല്‍ പ്രവേശനം അനുവദിക്കൂ.

 

Top