ഒമിക്രോണ്‍ ജാഗ്രതയില്‍ രാജ്യം; രോഗ ബാധിതരുടെ എണ്ണം 40 ആയി

ന്യൂഡല്‍ഹി: ഒമിക്രോണ്‍ ജാഗ്രതയില്‍ രാജ്യം. മഹാരാഷ്ട്രയില്‍ പുതുതായി രണ്ട് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 40 ആയി. നിലവില്‍ രോഗബാധിതരില്‍ ആര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് സൂചന. ഒമിക്രോണ്‍ വകഭേദം സംശയിക്കുന്ന കൂടുതല്‍ പേരുടെ പരിശോധനാഫലം ഇന്ന് കിട്ടിയേക്കും.

രാജ്യത്ത് പലയിടത്തും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കൊവിഡ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

കൊവിഡ് ബാധിതരുടെ എണ്ണം കൂടുതലായ കേരളം അടക്കമുള്ള 10 സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം നേരത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ വിദഗ്ദ്ധ സമിതി ചര്‍ച്ച തുടരുകയാണെന്നാണ് ആരോഗ്യമന്ത്രാലയം ആവര്‍ത്തിക്കുന്നത്.

ലോകത്തെ ആദ്യ ഒമിക്രോണ്‍ മരണം കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദത്തെക്കാള്‍ വ്യാപനശേഷി കൂടിയതാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇന്ത്യയിലും ജാഗ്രത കടുപ്പിക്കുന്നത്.

Top