‘രാജ്യം ഇഷ്ടപ്പെടുന്നത് ഖാൻമാരെ, മുസ്ലീം നടിമാരോട് ഭ്രമം’: പഠാന്‍ വിജയത്തെ കുറിച്ച് കങ്കണ

ദില്ലി: രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ബോളിവുഡ് നടി കങ്കണ റണൗട്ട് ട്വിറ്ററില്‍ തിരിച്ചെത്തിയത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. മൈക്രോബ്ലോഗിംഗ് വെബ്‍സൈറ്റായ ട്വിറ്റര്‍ 2021ലാണ് കങ്കണയുടെ അക്കൗണ്ട് നിരോധിച്ചത്. ട്വിറ്ററില്‍ തിരിച്ചെത്തിയതില്‍ സന്തോഷം ഉണ്ടെന്ന് കങ്കണ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ‘എമര്‍ജൻസി’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ബിഹൈൻഡ് ദ സീൻ വീഡിയോയും കങ്കണ പങ്കുവെച്ചത്. പിന്നീട് കങ്കണ പങ്കുവച്ചതെല്ലാം വിവാദമായിരിക്കുകയാണ്.

ഇപ്പോള്‍ പഠാന്‍ സിനിമയുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ പുതിയ ട്വീറ്റാണ് വിവാദമായിരിക്കുന്നത്. നേരത്തെയും പഠാനെതിരെ കങ്കണ പറഞ്ഞിരുന്നു. പഠാന്‍ എന്ന ചിത്രത്തിന്റെ പേര് ഇന്ത്യന്‍ പഠാന്‍ എന്നാക്കണമെന്നാണ് അന്ന് കങ്കണ പറഞ്ഞത്. ഇപ്പോള്‍ പുതിയ ട്വീറ്റില്‍ ഇന്ത്യ എല്ലാ ഖാൻമാരെയും ചില സമയങ്ങളിൽ ഖാൻമാരെ മാത്രവും സ്നേഹിക്കുന്നു. കൂടാതെ മുസ്ലീം നടിമാരോട് ഭ്രമവും ഉണ്ട്. അതിനാല്‍ തന്നെ ഇന്ത്യയില്‍ വിദ്വേഷമാണ്, ഫാസിസമാണ് എന്ന് ആരോപിക്കുന്നത് ശരിയല്ല. ഭാരതം പോലെ ഒരു രാജ്യം ലോകത്ത് എവിടെയും ഇല്ല.

പ്രിയ ഗുപ്ത ഇട്ട ട്വീറ്റ് റീട്വീറ്റ് ചെയ്താണ് കങ്കണ ഈ കാര്യം പറഞ്ഞിരിക്കുന്നത്. ഷാരൂഖിനും ദീപികയ്ക്കും പഠാന്‍ സിനിമ വിജയത്തില്‍ അഭിനന്ദനം അറിയിച്ച് തുടങ്ങുന്ന ട്വീറ്റിനൊപ്പം. ഒരു തീയറ്ററില്‍ പഠാന്‍ ഗാനത്തില്‍ ആഘോഷം നടത്തുന്ന കാണികളുടെ വീഡിയോയും കാണാം. ഈ ട്വീറ്റില്‍ പഠാന്‍ ചില കാര്യങ്ങള്‍ തെളിയിച്ചുവെന്ന് പറയുന്നു. ഹിന്ദുക്കളും മുസ്ലീംങ്ങളും ഷാരൂഖിനെ സ്നേഹിക്കുന്നു, നിരോധന ഭീഷണിയും വിവാദങ്ങളും ചിത്രത്തെ തളര്‍ത്തില്ല, ചിലപ്പോള്‍ ഗുണം ചെയ്യും, നല്ല സംഗീതം ചിലപ്പോള്‍ നന്നാകും, ഇന്ത്യ സൂപ്പര്‍ സെക്യൂലറാണ് -ഈ കാര്യങ്ങളാണ് പഠാന്‍ തെളിയിച്ചത് എന്നാണ് ട്വീറ്റില്‍ പറയുന്നത്.

ഈ ട്വീറ്റിലെ നിരീക്ഷണങ്ങള്‍ എല്ലാം ശരിയാണ് എന്ന് പറഞ്ഞാണ് കങ്കണ തന്റെ വാദം പറയുന്നത്. നേരത്തെ ബോളിവുഡ് താരങ്ങള്‍ ഹിന്ദു വിദ്വേഷത്താല്‍ തങ്ങള്‍ കഷ്ടപ്പെടുന്നു എന്ന പ്രചാരണം നടത്തുന്നുവെന്ന് കങ്കണ ആരോപിച്ചിരുന്നു. പഠാന്‍ വിജയം സ്നേഹത്തിന് മുന്നില്‍ വിദ്വേഷത്തിന്റെ പരാജയമാണ് എന്ന് പോസ്റ്റിട്ട കരണ്‍ ജോഹറിനുള്ള മറുപടിയായിരുന്നു കങ്കണയുടെ ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ വലിയ തര്‍ക്കം തന്നെ കങ്കണ സോഷ്യല്‍ മീഡിയയില്‍ നടത്തിയിരുന്നു.

2018-ലെ സീറോയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രമാണ് പഠാന്‍. യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ഭാഗമായ ചിത്രം ഒരു ആക്ഷൻ ത്രില്ലറാണ്. സിദ്ധാർത്ഥ് ആനന്ദാണ് പഠാന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ജോൺ എബ്രഹാം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍, ദീപിക പാദുകോണ്‍ നായികയായി എത്തുന്നു. വിശാല്‍ ശേഖറാണ് സംഗീത സംവിധാനം.

Top