അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 8.5 ശതമാനം വരെ വളര്‍ച്ച നേടുമെന്ന് സര്‍വേ

ന്യൂഡല്‍ഹി; അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ (ഏപ്രില്‍ 2022 മുതല്‍ മാര്‍ച്ച് 2023) രാജ്യം 8 മുതല്‍ 8.5 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വേ. 2022 ല്‍ ഇന്ത്യ 9.2 ശതമാനം ജിഡിപി വളര്‍ച്ച നേടുമെന്നും വാര്‍ഷിക ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ സഭയുടെ സഭയുടെ മേശപ്പുറത്ത് വച്ച 2021-22 വര്‍ഷത്തെ സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു.

രാജ്യത്തെ വിവിധ മേഖലകള്‍ വരും വര്‍ഷത്തില്‍ മികച്ച വളര്‍ച്ച കൈവരിക്കുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതു ബജറ്റിന് മുന്നോടിയായാണ് സാമ്പത്തിക സര്‍വേ പുറത്ത് വിട്ടത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ ഈ വര്‍ഷത്തെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാജ്യസഭയുടെയും ലോക്‌സഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു രാഷ്ട്രപതി നയപ്രഖ്യാപനം നടത്തിയത്.

രാജ്യത്തിന്റെ സ്വാശ്രയത്വത്തിനാണ് പ്രാധാന്യം എന്ന് വ്യക്തമാക്കിയായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. ഇതിനിടെ പെഗാസസ് വിഷയം ഉയര്‍ത്തി പ്രതിപക്ഷം സഭയില്‍ പ്രതിഷേധിക്കുകയും ചെയ്തു.

കൊവിഡ് രോഗബാധ, രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനം, വാക്‌സിന്‍ വിതരണം എന്നിവയും രാഷ്ട്രപതി നയപ്രഖ്യാപനത്തില്‍ പരാമര്‍ശിച്ചു. കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത് ദീര്‍ഘകാല ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പദ്ധതികളാണ് എന്നും രാഷ്ട്രപതി പ്രതികരിച്ചു. സൗജന്യ ഭക്ഷ്യധാന്യ വിതരണം മാര്‍ച്ചുവരെ നീട്ടി. കാര്‍ഷിക രംഗത്ത് റെക്കോര്‍ഡ് ഉല്‍പാദനമുണ്ടായി. മൂന്നു ലക്ഷം കോടിയുടെ വര്‍ധനയാണ് കാര്‍ഷിക കയറ്റുമതിയില്‍ ഉണ്ടായത്.

സര്‍ക്കാര്‍ 433 ലക്ഷം മെട്രിക് ടണ്‍ ഗോതമ്ബ് സംഭരിച്ചു. 28 ലക്ഷം വഴിയോര കച്ചവടക്കാര്‍ക്ക് 2900 കോടിയുടെ സാമ്പത്തിക സഹായം നല്‍കി. ആറു കോടിയിലധികം ഗ്രാമീണ വീടുകളില്‍ ടാപ്പ് വഴി കുടിവെള്ളം എത്തിച്ചു. ഗ്രാമീണ മേഖലയിലെ റോഡ് നിര്‍മാണം മുമ്പില്ലാത്ത രീതിയില്‍ മുന്നോട്ടു പോകുകയാണ് എന്നും നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാരിന്റെ മുഖ്യനയം സ്ത്രീശാക്തീകരണമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം വിവാഹപ്രായം സ്ത്രീക്കും പുരുഷനും 21 വയസാക്കാനുള്ള നടപടി സ്വീകരിച്ച വിഷയവും ചൂണ്ടിക്കാട്ടി. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ ചേരുന്നത് വര്‍ധിച്ചു. മുസ്ലിം വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിക്കുന്നത് കുറഞ്ഞു. പുരുഷ സഹയാത്രികനില്ലാതെ സ്ത്രീകള്‍ക്ക് ഹജ് തീര്‍ഥാടനത്തിനു സൗകര്യമൊരുക്കിയെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

 

 

Top