രാജ്യാന്തര യോഗാദിനം ആചരിച്ച് രാജ്യം; യുഎൻ ആസ്ഥാനത്ത് മോദി നേതൃത്വം നൽകും

ന്യൂഡൽഹി : രാജ്യാന്തര യോഗാ ദിനത്തിന്റെ ഭാഗമായി രാജ്യം യോഗാദിനം ആചരിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ യോഗാ ദിനാചരണവും പരിശീലനവും സംഘടിപ്പിച്ചു.

‘യോഗ ലോകമാകുന്ന കുടുംബത്തിന് വേണ്ടി’ എന്നതാണ് ഈ വർഷത്തെ യോഗ ദിന സന്ദേശം. 2014 ൽ ഐക്യരാഷ്ട്ര സംഘടന പൊതുസഭാ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജൂൺ 21 രാജ്യാന്തര യോഗാ ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തത്.

ഇന്ന് യുഎസിൽ ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനത്ത് യോഗാ ദിനപരിപാടികൾക്ക് പ്രധാനമന്ത്രി മോദി നേതൃത്വം നൽകും. മധ്യപ്രദേശിലെ ജബല്‍പുരില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ നേതൃത്വത്തില്‍ 15,000 പേര്‍ അണിനിരന്നുള്ള യോഗാഭ്യാസങ്ങളാണ് നടന്നത്.

കൊച്ചിയിൽ ഐഎൻഎസ് വിക്രാന്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് യോഗ പരിപാടികൾക്ക് നേതൃത്വം നൽകി. വിവിധ സ്ഥലങ്ങളിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗ പരിപാടിക്ക് നേതൃത്വം നൽകി.

Top