ആകാംക്ഷയില്‍ കേരളം ; സംസ്ഥാനത്ത് 29 കേന്ദ്രങ്ങള്‍, 140 കൌണ്ടറുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി 140 കൌണ്ടറുകളില്‍ വോട്ടെണ്ണുന്നതിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. വിവിപാറ്റ് രസീതുകള്‍ എണ്ണുന്നത് കൊണ്ട് ഔദ്യോഗിക ഫല പ്രഖ്യാപനം ആറ് മണിക്കൂറോളം വൈകും.

നാളെ രാവിലെ സ്‌ട്രോങ് റൂമില്‍നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ അതത് വോട്ടെണ്ണല്‍ ഹാളിലേക്ക് മാറ്റും. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, തെരഞ്ഞെടുപ്പ് നിരീക്ഷകന്‍, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യന്ത്രങ്ങള്‍ പുറത്തെടുക്കുക.

തപാല്‍ വോട്ടുകള്‍ എണ്ണുന്നതോടെയായിരിക്കും സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ ആരംഭിക്കുന്നത്.വിവിധ സ്ഥലങ്ങളിലായി സജ്ജീകരിച്ചിരിക്കുന്ന 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 14 കൌണ്ടിംഗ് ടേബിളുകള്‍ വീതമാണ് ഒരുക്കിയിട്ടുള്ളത്. അതായത് ഒരു റൌണ്ട് 14 ടേബിളുകള്‍ എണ്ണും. ഇവയ്ക്ക് പുറമെ നാല് ടേബിളുകളിലായിരിക്കും തപാല്‍ വോട്ടെണ്ണുക.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ സ്ഥാനാര്‍ത്ഥികള്‍,ഇലക്ഷന്‍ ഏജന്റ് , കൌണ്ടിംഗ് ഏജന്റ് എന്നിവര്‍ക്കായിരിക്കും വോട്ടെണ്ണുന്ന ഹാളിലേക്ക് പ്രവേശനം. പോസ്റ്റല്‍ വോട്ടുകളും ഇ.വി.എം വോട്ടുകളും എണ്ണിക്കഴിഞ്ഞാല്‍ വിവി പാറ്റ് രസീതുകള്‍ എണ്ണിത്തുടങ്ങും. ഓരോ അസംബ്ലി നിയോജക മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവി പാറ്റുകളാണ് എണ്ണുന്നത്.

Top