ബ്രെക്‌സിറ്റ് ; ബ്രിട്ടന്റെ വിടവാങ്ങൽ സമയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി തെരേസ മേ

ലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതിന്റെ അവസാന സമയം ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ പ്രഖ്യാപിച്ചു.

പ്രമുഖ ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലൂടെയാണ് ബ്രെക്സിറ്റിന്റെ സമയം പ്രഖ്യാപിച്ച് സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.

2019 മാർച്ച് 29ന് രാത്രി 11ന് എല്ലാ ചർച്ചകളും നടപടിക്രമങ്ങളും പൂർത്തിയാക്കി ബ്രിട്ടൻ യൂറോപ്യൻ യൂണിയനു പുറത്തുവരുമെന്നാണ് തെരേസ മേ അറിയിച്ചിരിക്കുന്നത്.

ബ്രെക്സിറ്റിനെ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെയുള്ള നിലപടാണ് പുതിയ പ്രഖ്യാപനത്തിലൂടെ നൽകിയതെന്ന് പ്രധാനമന്ത്രി വിശദീകരണം നൽകി.

സർക്കാരിന് എത്ര വലിയ പ്രതിസന്ധികൾ നേരിടേണ്ടി വന്നാലും ബ്രെക്‌സിറ്റ് സാധ്യമാക്കുകതന്നെ ചെയ്യുമെന്നും പ്രധാനമന്ത്രി ലേഖനത്തിൽ വ്യക്തമാക്കി.

രാഷ്ട്രീയനേതാക്കൾ ഒരുമ്മയോടെ നിന്ന് മികച്ചൊരു ബ്രെക്സിറ്റ് ഉടമ്പടിക്കായി പ്രയത്നിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം .

ബില്ലിൽ ഗുണപരമായ മാറ്റങ്ങൾ വരുത്താനുള്ള ഭേദഗതികൾ ആർക്കും നിർദേശിക്കാം. എന്നാൽ ബ്രെക്സിറ്റ് നടപടികൾ തടസപ്പെടുത്താനുള്ള നിർദേശങ്ങളോട് യോജിപ്പില്ലെന്നും അവർ വ്യക്തമാക്കി.

എന്നാൽ ബ്രെക്സിറ്റിനായുള്ള ചർച്ചകളുടെ ആറാം റൗണ്ടും കാര്യമായ പുരോഗതിയില്ലാതെ കഴിഞ്ഞ ദിവസം പൂർത്തിയായി.

നഷ്ടപരിഹാരത്തുകയുൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാൻ ബ്രിട്ടന് രണ്ടാഴ്ചത്തെ സമയം നൽകുകയാണെന്ന് ചർച്ചകൾക്കുശേഷം യൂറോപ്യൻ യൂണിയൻ ചീഫ് നെഗോഷ്യേറ്റർ മിഷേൽ ഗാർണിയർ അറിയിച്ചു.

ഇരുഭാഗത്തുമുള്ള പൗരന്മാരുടെ അവകാശങ്ങൾ സംബന്ധിച്ചും അയർലൻഡ് അതിർത്തി സംബന്ധിച്ചും, ബ്രിട്ടന്റെ ഡിവോഴ്സ് ബിൽ സംബന്ധിച്ചുമുള്ള ചർച്ചകൾ അതിനുശേഷം മാത്രമേ പൂർത്തിയാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Top