വിവാദ കത്ത്; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറാന്‍ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: കോർപ്പറേഷനിലെ വിവാദ കത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ അന്വേഷണസംഘം. ക്രൈംബ്രാഞ്ച് സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും. നഗരസഭയിലെ കമ്പ്യൂട്ടറുകൾ പരിശോധനയ്ക്ക് വിധേയമാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതേസമയം, മേയറുടെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും.

സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വിവാദ നിയമന കത്തിന്റെ ഉറവിടമോ പ്രചരിപ്പിച്ചവരെയോ കണ്ടെത്താതെ വഴിമുട്ടി നിൽക്കുകയാണ് അന്വേഷണം. അവധിയിലുള്ള ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ് വ്യാഴാഴ്ച മടങ്ങി വന്ന ശേഷം പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ ആലോചന. വിജിലൻസും ഉടൻ റിപ്പോർട്ട് നൽകും.

കോർപ്പറേഷനിലെ കൂടുതൽ ജീവനക്കാരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. മൊഴിയെടുക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി.. കൂടാതെ കോർപ്പറേഷനിലെ കമ്പ്യൂട്ടറുകൾ പരിശോധനയ്ക്ക് വിധേയമാക്കും. അതേ സമയം നിയമനങ്ങൾക്കു പാർട്ടി പട്ടിക ചോദിച്ചു ആനാവൂർ നാഗപ്പന്, മേയർ എഴുതിയ കത്തിന്റെ ഒറിജിനൽ നശിപ്പിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച്.

Top