Could Have Dragged Mamata Banerjee By Hair, Thrown Her Out: BJP Leader Dilip Ghosh

കൊല്‍ക്കത്ത: നോട്ട് അസാധുവാക്കലിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്നതിനിടെ മമതാ ബാനര്‍ജിയെ തലമുടിക്കു പിടിച്ചു വലിച്ചിഴച്ചു പുറത്താക്കാമായിരുന്നുവെന്ന ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രസ്താവന വിവാദമാകുന്നു.

പശ്ചിം മിഡ്‌നാപൂരില്‍ നടന്ന പാര്‍ട്ടി യുവജനവിഭാഗത്തിന്റെ യോഗത്തില്‍ സംസാരിക്കവെയാണ് ഈ വിവാദ പരാമര്‍ശം.

ഞങ്ങളുടെ പൊലീസാണ് അവിടെയുണ്ടായിരുന്നത്. അവര്‍ക്കു മമതയെ പുറത്താക്കാമായിരുന്നു. എന്നാല്‍ അത്തരത്തിലൊന്നും ഞങ്ങള്‍ ചെയ്തില്ലെന്നും ഘോഷ് പറഞ്ഞിരുന്നു.

നോട്ട് പിന്‍വലിക്കലിനുശേഷം മമത ബാനര്‍ജിയുടെ തലയ്ക്കു സ്ഥിരത നഷ്ടപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടാണ് അവര്‍ ഡല്‍ഹിയിലും പട്‌നയിലും ഇടയ്ക്കു സന്ദര്‍ശനം നടത്തുന്നത്.

ആയിരക്കണക്കിനു കോടികള്‍ നഷ്ടപ്പെടുന്നതിന്റെ ഭയത്തിലാണവര്‍. സെക്രട്ടേറിയറ്റില്‍തന്നെ തുടരുകയാണ് അവരെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ഘോഷിനു മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി. നോട്ട് അസാധുവാക്കലിനെതിരെ മമത ബാനര്‍ജി കടുത്ത നിലപാടെടുക്കുന്നതിനാലാണ് ബിജെപി ഭയക്കുന്നത്.

മുഖ്യമന്ത്രിക്കു പലതരത്തിലുള്ള ഭീഷണികള്‍ ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. ജനത്തിനൊപ്പം നില്‍ക്കുകയും നല്ല ഭരണം കാഴ്ച വയ്ക്കുകയും ചെയ്യുന്നതിനാല്‍ അവര്‍ക്കു മമതയോട് ഏറ്റുമുട്ടാന്‍ സാധിക്കുന്നില്ല.

പ്രതിപക്ഷത്തിന്റെ പ്രതിഷേധം എങ്ങനെ അവസാനിപ്പിക്കണമെന്ന് ബിജെപിക്കു മനസിലാകുന്നില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു.

Top