സി.ഒ.ടി. നസീര്‍ വധശ്രമക്കേസ് ; എ.എന്‍ ഷംസീറിനെ ചോദ്യം ചെയ്യും

കോഴിക്കോട് : സി.ഒ.ടി.നസീര്‍ വധശ്രമക്കേസില്‍ എ.എന്‍.ഷംസീര്‍ എംഎല്‍എയെ ചോദ്യംചെയ്യും. കേസില്‍ അറസ്റ്റിലായവരുടെ മൊഴി രേഖപ്പെടുത്തലും തെളിവെടുപ്പും പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് നടപടി. മൂന്നാഴ്ച്ചക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനും അന്വേഷണ സംഘം ലക്ഷമിടുന്നുണ്ട്.

കേസില്‍ ഷംസീറിന്റെ മുന്‍ ഡ്രൈവര്‍ രാഗേഷിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. സിപിഎം കണ്ണൂര്‍ ഏരിയ കമ്മിറ്റി ഓഫീസിലെ മുന്‍ സെക്രട്ടറി കൂടിയാണ് രാഗേഷ്. ഇതേതുടര്‍ന്ന് കേസില്‍ ഷംസീറിന് പങ്കുണ്ടെന്ന ആരോപണം ശക്തമായിരുന്നു.

എ.എന്‍.ഷംസീര്‍ എംഎല്‍എയുമായി രാഗേഷ് ഫോണില്‍ സംസാരിച്ചതിനും തെളിവുണ്ട്. എന്നാല്‍ നേരത്തെ തന്നെ ഇരുവരും പരിചയക്കാരായിരുന്നു എന്നതിനാല്‍ ഗൂഢാലോചനയിലേക്ക് എത്താനായില്ല. പക്ഷേ സി.ഒ.ടി നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എ.എന്‍. ഷംസീര്‍ എംഎല്‍എയെ വിളിച്ചുവരുത്തി മൊഴിയെടുക്കാന്‍ സി.ഐ വി.കെ.വിശ്വംഭരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ മേയ് 18-ന് രാത്രിയിലാണു തലശേരി കായ്യത്ത് റോഡില്‍വച്ചു നസീര്‍ ആക്രമിക്കപ്പട്ടത്. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ആയുധങ്ങളുമായി ബൈക്കിലെത്തിയ മൂന്നംഗസംഘം നസീറിനെ ആക്രമിക്കുകയായിരുന്നു.

Top