സിഒടി നസീര്‍ വധശ്രമക്കേസ് : അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നു

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സിഒടി നസീര്‍ വധശ്രമ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റുന്നു. തലശ്ശേരി സി ഐയും എസ് ഐയും ഇന്ന് ചുമതല ഒഴിയും. ഇവര്‍ക്ക് കസ്റ്റഡിയില്‍ വാങ്ങിയ കേസിലെ ആസൂത്രകന്‍ സന്തോഷിനെ ചോദ്യം ചെയ്യാനാകില്ല.

നസീര്‍ വധശ്രമ കേസിലെ ഗൂഡാലോചന സംബന്ധിച്ചുള്ള അന്വേഷണം മുന്നോട്ടു പോകുന്നതിനിടെയാണ് ഉദ്യാഗസ്ഥരുടെ മാറ്റം. അന്വേഷണ സംഘത്തെ മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ നിയമസഭയില്‍ പറഞ്ഞിരുന്നു.

അതേസമയം സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് നസീര്‍ പറഞ്ഞു. പൊട്ടിയന്‍ സന്തോഷിലൂടെയാണ് കേസിലെ മറ്റ് പ്രതികളിലേക്ക് ഏത്താന്‍ കഴിയുകയെന്നും നസീര്‍ വ്യക്തമാക്കി. കേസിനെക്കുറിച്ചുളള തന്റെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയായാണെന്നും കിട്ടിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും നസീര്‍ ചൂണ്ടിക്കാട്ടുന്നു. മെയ് 18നാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം തലശേരി കായത്ത് റോഡ് ഗവ: ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്ത് വച്ച് നസീറിനെ ആക്രമിക്കുന്നത്.

Top