സി.ഒ.ടി.നസീര്‍ വധശ്രമക്കേസ് ; കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് സിപിഎം പ്രവര്‍ത്തകനെന്ന് മൊഴി

തലശേരി: വടകരയിലെ സിപിഎം വിമത സ്ഥാനാര്‍ഥി സി.ഒ.ടി.നസീറിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് സിപിഎം പ്രവര്‍ത്തകനായ പൊട്ടിയന്‍ സന്തോഷാണെന്ന് അറസ്റ്റിലായ പ്രതികളുടെ മൊഴി. കുണ്ടേരി സ്വദേശിയായ സന്തോഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. എ.എന്‍.ഷംസീര്‍ എംഎല്‍എയ്ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.

സിപിഎം തലശേരി ഏരിയ കമ്മിറ്റി ഓഫിസ് മുന്‍ സെക്രട്ടറി രാജേഷ് ഒട്ടേറെത്തവണ പൊട്ടിയന്‍ സന്തോഷിനെ ഫോണില്‍ വിളിച്ചതിനും തെളിവ് ലഭിച്ചിട്ടുണ്ട്. സന്തോഷ് ഒളിവിലാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഇയാള്‍ക്കായി അന്വേഷണ സംഘം തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം അറസ്റ്റിലായ മൂന്ന് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തലശേരി കോടതി തള്ളി.

മേയ് 18ന് രാത്രി 7.30ന് തലശേരി കായ്യത്ത് റോഡ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപത്തുവച്ചാണ് നസീറിനെ ബൈക്കിലെത്തിയ മൂന്നംഗസംഘം ആക്രമിച്ചത്. ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നാണു സിപിഎം നിലപാട്. എന്നാല്‍ എ.എന്‍. നസീറിനു പങ്കുണ്ടെന്ന് നസീര്‍ മൊഴി നല്‍കിയിരുന്നു.

Top