കൊറിയോൺ ഇവാൻസ്; നദിയിൽ നിന്നും നാല് ജീവനുകൾ രക്ഷിച്ച പതിനാറുകാരൻ

മിസിസിപ്പി: യുഎസ്സിലെ മിസിസിപ്പിയിൽ ഒരു പതിനാറുകാരന്റെ ധീരതയിൽ രക്ഷപെട്ടത് നാല് ജീവനുകൾ. നദിയിൽ വീണ കാറിൽ നിന്നുമാണ് മൂന്നു പെൺകുട്ടികളെയും ഒരു പൊലീസ് ഓഫീസറേയും ഇയാൾ രക്ഷപ്പെടുത്തിയത്. കൊറിയോൺ ഇവാൻസ് എന്ന ഈ പതിനാറുകാരൻ ആളുകളുടെ അഭിനന്ദനങ്ങളേറ്റ് വാങ്ങി ഇപ്പോൾ സ്റ്റാറായിരിക്കുകയാണ്.

മൂന്ന് പെൺകുട്ടികളുണ്ടായിരുന്ന കാർ പാസ്‌കഗൗള നദിയിലേക്കാണ് വീണത്. ഇത് കണ്ട കൊറിയോൺ അവരെ സഹായിക്കാനായി ചെല്ലുകയായിരുന്നു. നേരെ വെള്ളത്തിന്റെ അടിയിലേക്ക് പോയ കാറിന്റെ മുകൾ ഭാ​ഗം മാത്രമായിരുന്നു വെള്ളത്തിന്റെ മുകളിലായി കണ്ടിരുന്നത്. കൊറിയോൺ ഉടനെ തന്നെ നേരെ വെള്ളത്തിലേക്ക് എടുത്തുചാടി. പെൺകുട്ടികളെ കാറിൽ നിന്നും വെള്ളത്തിൽ നിന്നും രക്ഷിച്ചെടുക്കാനുള്ള ശ്രമം തുടങ്ങി.

‘അതിലൊരാളെ പോലും മരണത്തിന് വിട്ടു കൊടുക്കരുത് എന്ന് എനിക്ക് നിർബന്ധമായിരുന്നു. അവരെ എങ്ങനെ എങ്കിലും വെള്ളത്തിൽ നിന്നും പുറത്തേക്ക് എടുക്കണമായിരുന്നു’ എന്ന് ഇവാൻസ് പറയുന്നു.

പൊലീസ് ഓഫീസറായ ​ഗാരി മെഴ്സറും രക്ഷാ പ്രവർത്തനങ്ങളിലുണ്ടായിരുന്നു. എന്നാൽ, കുറച്ച് കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ക്ഷീണം അനുഭവപ്പെട്ടു. ‘ഹെൽപ്, ഹെൽപ്…’ എന്ന് വിളിച്ചു പറഞ്ഞ് പൊലീസ് ഓഫീസർ മുങ്ങിപ്പോവുകയായിരുന്നു. അതോടെ കൊറിയോൺ അദ്ദേഹത്തെയും രക്ഷിച്ചെടുക്കുകയായിരുന്നു.

വെള്ളത്തിൽ നിന്നും പുറത്തെടുത്ത ഉടനെ മൂന്ന് പെൺകുട്ടികളെയും പൊലീസ് ഓഫീസറേയും ആശുപത്രിയിൽ എത്തിച്ചു. മൂന്നുപേരും സുഖം പ്രാപിച്ച് വരികയാണ്.

കൊറിയോൺ ഇവാൻസിനെ പ്രദേശത്തെ പൊലീസ് സേന അഭിനന്ദിച്ചു. സ്വന്തം ജീവൻ പോലും നോക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനിറങ്ങി പുറപ്പെട്ട ഇവാൻസിനെ അഭിനന്ദിക്കുന്നുവെന്നും വലിയ ധീരതയാണ് ഇവാൻസ് കാണിച്ചത് എന്നും പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Top