അഴിമതി അന്വേഷണം; തനിക്ക് വധഭീഷണിയെന്ന് കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പട്ടികജാതി വകുപ്പിലെ അഴിമതി അന്വേഷിക്കാന്‍ നടപടിയെടുത്തതോടെ തനിക്ക് വധഭീഷണിയുണ്ടായെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍. ലാന്‍ഡ്‌ഫോണില്‍ വിളിച്ചാണ് മന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. പട്ടിക ജാതി വകുപ്പില്‍ വന്‍ അഴിമതി നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. വകുപ്പിലെ അഴിമതി സംബന്ധിച്ച മാര്‍ച്ചില്‍ തന്നെ അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും ഇത് സംബന്ധിച്ച വിവാദം ഇപ്പോഴാണ് ചര്‍ച്ചയായത്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.

നടപടികള്‍ തുടങ്ങിയതോടെ ഭീഷണി ഉണ്ടെന്ന് കഴിഞ്ഞ ദിവസവും മന്ത്രി പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഫോണില്‍ വിളിച്ചു വധഭീഷണി ഉണ്ടായതെന്ന് മന്ത്രി തന്നെ വെളിപ്പെടുത്തിയത്.

വിഷയത്തില്‍ പരാതി നല്‍കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തെറ്റ് ചെയ്തവരേയും അഴിമതിക്കാരേയും സംരക്ഷിക്കില്ലെന്ന് ഭീഷണി വെളിപ്പെടുത്തിയ ശേഷം കെ.രാധാകൃഷ്ണന്‍ പറഞ്ഞു. പാവപ്പെട്ടവരെ വഞ്ചിക്കുന്നവരോട് യാതൊരു പരിഗണനയും ഉണ്ടാകില്ല. കൈയിട്ട് വാരുന്ന മാനസികാവസ്ഥയുള്ളവരെ ആ രീതിയില്‍ തന്നെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Top