വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന്റെ അഴിമതി; പാലക്കയം വില്ലേജ് ഓഫിസർക്കെതിരെ നടപടിയെടുക്കും

തിരുവനന്തപുരം∙ പാലക്കാട്ടെ പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ അഴിമതിക്കെതിരെ നടപടി സ്വീകരിക്കാതിരുന്ന വില്ലേജ് ഓഫിസർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ലാൻഡ് റവന്യൂ കമ്മിഷണറുടെ ശുപാർശ.

സുരേഷ് കുമാർ ഒരു കോടിയിലധികം രൂപ കൈക്കൂലിയിലൂടെ സ്വന്തമാക്കിയതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് ലാൻഡ് റവന്യൂ കമ്മിഷണറുടെ നേതൃത്വത്തിൽ റവന്യൂ ഓഫിസുകളിൽ പരിശോധന നടത്തിയത്. റവന്യൂ ഓഫിസുകളിൽ അപേക്ഷകൾ തീർപ്പാക്കുന്നതിൽ കാലതാമസമുണ്ടാകുന്നതായും മുൻഗണനയോ മാനദണ്ഡമോ പാലിക്കാതെ അപേക്ഷകൾ തീർപ്പാക്കിയതായും ലാൻഡ് റവന്യൂ കമ്മിഷണറുടെ റിപ്പോർട്ടിലുണ്ട്.

ലാൻഡ് റവന്യൂ കമ്മിഷണറേറ്റ് ജോയിന്റ് കമ്മിഷണർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ റവന്യൂ ഓഫിസുകളിൽ നടത്തുന്ന പരിശോധനാ വിവരങ്ങൾ അതാത് മാസം ക്രോഡീകരിച്ച് ശുപാർശ സഹിതം റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കും മന്ത്രിക്കും നൽകാൻ തീരുമാനമായി. ശുപാർശകളിൽ കാലതാമസമില്ലാതെ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.

പൊതുജനങ്ങൾക്ക് അഴിമതി സംബന്ധിച്ച വിവരങ്ങൾ പേരുവെളിപ്പെടുത്താതെ കൈമാറുന്നതിനുള്ള ടോൾ ഫ്രീ നമ്പർ ജൂൺ 10ന് നിലവിൽ വരും. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തും. മന്ത്രി, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, ലാൻഡ് റവന്യൂ കമ്മിഷണർ എന്നിവർ എല്ലാ മാസവും രണ്ട് റവന്യൂ ഓഫിസുകളും കലക്ടർമാർ പ്രതിമാസം അഞ്ച് റവന്യൂ ഓഫിസുകളും ഡപ്യൂട്ടി കലക്ടർ ആർഡിഒ എന്നിവർ പ്രതിമാസം 10 റവന്യൂ ഓഫിസുകളും പരിശോധിക്കണം. പരിശോധനാ റിപ്പോർട്ടുകൾ ഓൺലൈനായി സമർപ്പിക്കാൻ പ്രത്യേക പോർട്ടൽ ഈ മാസം ആരംഭിക്കും.

Top