നിര്‍മ്മാണത്തിലെ അഴിമതി ;ചന്ദ്രബാബു നായിഡു നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു തുടങ്ങി

ഹൈദരാബാദ്: ചന്ദ്രബാബുനായിഡു 8 കോടി ചിലവിട്ട് നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു തുടങ്ങി.ടി.ഡി.പി. നേതാവ് കൂടിയായ നായിഡുവിന്റെ വസതിയോട് ചേര്‍ന്ന് പണികഴിപ്പിച്ച പ്രജാവേദിക എന്ന കെട്ടിടമാണ് പൊളിച്ചു നീക്കുന്നത്‌. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി തിങ്കളാഴ്ച ഉത്തരവിട്ടതിന് പിന്നാലെയാണ് പൊളിച്ചുനീക്കല്‍ പ്രവൃത്തികള്‍ ആരംഭിച്ചത്.

നിയമങ്ങള്‍ ലംഘിച്ചാണ് പ്രജാവേദിക നിര്‍മിച്ചത്‌. നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെട്ടിടം പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടത്. സാധാരണക്കാര്‍ ഇത്തരത്തില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചാല്‍ സ്വീകരിക്കുന്ന നടപടികളാണ് പ്രജാവേദികയുടെ കാര്യത്തിലും സ്വീകരിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ പ്രതികരണം.

മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന കെട്ടിടം തനിക്ക് ഇത്തവണയും ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് നായിഡു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവിന്റെ അനക്‌സ് ആയി പ്രജാവേദിക അനുവദിക്കണമെന്നും നിലവില്‍ പ്രതിപക്ഷനേതാവായ അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ നായിഡുവിന്റെ അഭ്യര്‍ഥനയെല്ലാം തള്ളിക്കൊണ്ടാണ് ജഗന്‍ കെട്ടിടം പൊളിച്ചുനീക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Top