ചെമ്പനോട വില്ലേജ് ഓഫീസില്‍ ക്രമക്കേട്, വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ചെമ്പനോട വില്ലേജ് ഓഫീസിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.

വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയാണ് ഉത്തരവിട്ടത്. ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തിനു പിന്നാലെ വിജിലന്‍സ് സംഘം ഓഫീസില്‍ പരിശോധന നടത്തിയിരുന്നു. ഓഫീസിലെ ഫയലുകളില്‍ സമയബന്ധിതമായി നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് വിജിലന്‍സ് സംഘം റെയ്ഡില്‍ കണ്ടെത്തി. ഇതേതുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തവിട്ടിരിക്കുന്നത്.

കര്‍ഷകന്‍ ജീവനൊടുക്കിയ ചെമ്പനോട വില്ലേജ് ഓഫീസ് ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഓഫീസുകളില്‍ പരിശോധന തുടരുകയാണ്.

ക്രമക്കേട് ഉണ്ടെങ്കില്‍ ഇന്നുതന്നെ കേസ് എടുക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വില്ലേജ് ഓഫീസുകളില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.

മാസത്തിലൊരിക്കല്‍ വില്ലേജ് ഓഫീസില്‍ പരിശോധന നടത്താനാണ് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. റവന്യു വകുപ്പ് ഓഫീസുകളില്‍ അഴിമതി വര്‍ധിക്കുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു.
l

Top