വേലാന്തളം ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്; രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

പാലക്കാട്: വേലാന്തളം ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് റെയ്ഡ് നടത്തിയത്. ചെക്ക് പോസ്റ്റിലെ അഴിമതിയുമായി ബന്ധപ്പെട്ട് രണ്ടു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു.

നടപടിയുടെ ഭാഗമായി മോട്ടോർവാഹനവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. മോട്ടോർവാഹനവകുപ്പിലെ ഉദ്യോഗസ്ഥരായ സുനിൽ മണിനാഥ്, ശരത്കുമാർ എന്നിവരെയാണ് മാറ്റിയത്.

വേലന്താവളത്തെയും ഗോപാലപുരത്തെയും ഉദ്യോഗസ്ഥരായ ഇവരെ മാറ്റാൻ ഗതാഗത കമ്മീഷണറാണ് ഉത്തരവിട്ടത്. ഇവർ കൈക്കൂലി വാങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

നേരത്തെ, ഗോപാലപുരം ചെക്പോസ്റ്റ് വാണിജ്യ നികുതി ഇന്‍റലിജന്‍റ്സ് വിഭാഗം ഏറ്റെടുത്തു. അഴിമതിയാരോപണവും കൈക്കൂലി ആരോപണവും വ്യാപകമായതിനേത്തുടർന്നായിരുന്നു നടപടി.

ഓപറേഷന്‍ നികുതിയുടെ ഭാഗമായി ഗോപാലപുരം ചെക്പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കില്‍പെടാത്ത 26,100 രൂപ പിടിച്ചെടുത്തിരുന്നു.

അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ലോറികളില്‍ നിന്നും കൈക്കൂലി വാങ്ങുന്നതായുള്ള വിജിലന്‍സ് ഇന്‍റലിജന്‍സ് സ്ക്വാഡിന്‍റെ രഹസ്യ വിവരത്തെതുടര്‍ന്ന് ചെക്ക്പോസ്റ്റുകളിൽ കർശന പരിശോധനകൾ നടന്നുവരികയാണ്.

Top