അഴിമതിക്കാരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയില്ല: കടകംപള്ളി സുരേന്ദ്രന്‍

kadakampally-surendran

തിരുവനന്തപുരം: അഴിമതിക്കാരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

അഴിമതിക്കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന വ്യക്തിയെ കണ്‍സ്യൂമര്‍ ഫെഡ് എംഡിയാക്കുവാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നു എന്ന വാര്‍ത്തയോട് പ്രതികരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കണ്‍സ്യൂമര്‍ ഫെഡ് എംഡിയായി ആരെ നിയമിക്കുന്നു എന്നത് സംബന്ധിച്ച ഫയല്‍ തന്റെ മുന്നില്‍ വന്നിട്ടില്ല. ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത മാത്രമാണ് അറിയാവൂ. എംഡി തസ്തികയിലേക്ക് അഭിമുഖം നടന്നതായി അറിയാം. താന്‍ നിയമനപ്രക്രിയയില്‍ ഇടപെട്ടില്ല. നടപടി ക്രമം അനുസരിച്ച് മാത്രമായിരിക്കും പ്രവര്‍ത്തിക്കുകയുള്ളൂ. നിയമനങ്ങള്‍ക്ക് സാധാരണ ഗതിയില്‍ വിജിലന്‍സ് ക്ലിയറന്‍സ് ആവശ്യമാണ്. അഴിമതിയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്നത് സര്‍ക്കാര്‍ നയമാണ്, കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

മുന്‍ കശുവണ്ടി കോര്‍പ്പറേഷന്‍ എംഡി കെ എ രതീഷിനെ കണ്‍സ്യൂമര്‍ ഫെഡ് എംഡിയാക്കി നിയമിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായി വാര്‍ത്ത പുറത്തു വന്നിരുന്നു. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എംഡിയായിരുന്നപ്പോള്‍ തോട്ടണ്ടി ഇറക്കുമതിയില്‍ കോടികളുടെ അഴിമതി ആരോപണമാണ് കെ എ രതീഷിനെതിരെ ഉയര്‍ന്നിരുന്നത്.

Top