അഴിമതി കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം; പ്രതിപക്ഷത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

റായ്പൂര്‍: പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രത്യയശാസ്ത്രമെന്ന് വിമര്‍ശനം. അഴിമതിക്ക് കോണ്‍ഗ്രസ് ഗ്യാരണ്ടിയാണെങ്കില്‍, അഴിമതിക്കെതിരെയുള്ള നടപടിക്ക് താനൊരു ഗ്യാരണ്ടിയാണെന്നും മോദി പറഞ്ഞു. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിലെ സയന്‍സ് കോളജ് ഗ്രൗണ്ടില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ ജീവനാഡി അഴിമതിയാണ്, അതില്ലാതെ കോണ്‍ഗ്രസിന് ശ്വസിക്കാന്‍ പോലും കഴിയില്ല. ഛത്തീസ്ഗഡ് കോണ്‍ഗ്രസിന്റെ എടിഎമ്മായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലെ അഴിമതി നിറഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാര്‍ ദുര്‍ഭരണത്തിന്റെ മാതൃകയായി മാറിയെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിനെ വേരോടെ പിഴുതെറിയാന്‍ ജനങ്ങള്‍ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങളെക്കുറിച്ചും മോദി സംസ്ഥാനത്തെ ജനങ്ങളെ ഓര്‍മ്മിപ്പിച്ചു.

ഛത്തീസ്ഗഡിലെ സ്ത്രീകളെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വഞ്ചിച്ചു. സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കുമെന്ന് പാര്‍ട്ടി വാഗ്ദ്ധാനം ചെയ്തിരുന്നെങ്കിലും കോടികളുടെ മദ്യ അഴിമതിയാണ് അവര്‍ നടത്തിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അക്കൗണ്ടിലേക്കാണ് അഴിമതി പണം പോയതെന്നും അദ്ദേഹം ആരോപിച്ചു.2019-ല്‍ രണ്ടാം തവണയും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തേക്കുള്ള മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്.

Top