correction processing; Government officers fear about DGP Jacob thomas

തിരുവനന്തപുരം: സംസ്ഥാനത്തെ മുന്‍ മന്ത്രിമാര്‍ മാത്രമല്ല ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരടക്കമുള്ള ഉദ്യോഗസ്ഥ പടയും മറ്റ് സര്‍ക്കാര്‍ ജീവനക്കാരുമെല്ലാം ഇപ്പോള്‍ ‘തെറ്റ് തിരുത്തല്‍’ പ്രക്രിയയില്‍.

മാണിയെയും ബാബുവിനെയും കുടുക്കിയ വിജിലന്‍സ് മലബാര്‍ സിമന്റ്‌സ് എംഡി പത്മകുമാറിനെ അറസ്റ്റ് ചെയ്തതോടെയാണ് ഉദ്യോഗസ്ഥപ്പടയില്‍ മാറ്റത്തിന്റെ കാറ്റ് വീശി തുടങ്ങിയത്.

അഴിമതിക്കാരായി ഡിപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചവരും രാഷ്ട്രീയ സ്വാധീനത്താല്‍ വിലസിയവരുമെല്ലാം ഇപ്പോള്‍ പത്തി താഴ്ത്തി മാളത്തിലൊളിച്ചിരിക്കുകയാണ്.

വിജിലന്‍സിന് മുന്‍പാകെ എത്തുന്ന പരാതികളിലെ അന്വേഷണത്തില്‍ വെള്ളം ചേര്‍ത്താല്‍ പിടിവീഴുമെന്ന് ഉറപ്പുള്ളതിനാല്‍ വിജിലന്‍സ് ഉദ്യോഗസ്ഥരും കരുതലോടെയാണ് നീങ്ങുന്നത്.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഇടപെടലുകള്‍ സംസ്ഥാനത്തുണ്ടാക്കിയ ഈ സ്ഥിതി വിശേഷത്തിന്റെ നേട്ടം ലഭിക്കുന്നത് ഇടത് സര്‍ക്കാരിനാണ്.

അഴിമതിക്കെതിരായ സര്‍ക്കാര്‍ നയമാണ് താന്‍ നടപ്പാക്കുന്നതെന്ന് പറഞ്ഞ ജേക്കബ് തോമസിനെ ഏതെങ്കിലും ശുപാര്‍ശയുമായി വിളിക്കാന്‍ ആരും ധൈര്യപ്പെടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

പൊലീസ്-വിജിലന്‍സ് വിഭാഗങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പായതിനാല്‍ സിപിഎം നേതാക്കള്‍ പോലും പൊതുവെ ഇടപെടല്‍ നടത്തുന്നതില്‍ പിറകോട്ടാണ്.

വിജിലന്‍സിന്റെ കാര്യത്തിലാണെങ്കില്‍ ഡയറക്ടറെ ശുപാര്‍ശയുമായി വിളിക്കാന്‍ ആര്‍ക്കും ധൈര്യവുമില്ല.

വമ്പന്‍ സ്രാവുകളെ പിടിച്ചാല്‍ തന്നെ താഴോട്ട് അഴിമതി നില്‍ക്കുമെന്ന കാഴ്ചപ്പാടാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക്. ഇതിനനുസൃതമായ നടപടികളാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.

നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ എന്ന നിലപാട് മുഖ്യമന്ത്രിയും സ്വീകരിക്കുന്നതിനാല്‍ ഡയറക്ടര്‍ തസ്തികയിലേക്ക് മറ്റ് വെല്ലുവിളികളുമില്ല.

മുന്നിലെത്തുന്ന ഫയലുകളിലും ശുപാര്‍ശകളിലുമെല്ലാം കാര്യങ്ങള്‍ കൃത്യമായി പഠിച്ച് മാത്രം ഒപ്പിടുന്ന അവസ്ഥയിലേക്ക് സെക്രട്ടറിയേറ്റിലെയും മറ്റും ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ മാറി തുടങ്ങിയിട്ടുണ്ട്.

സര്‍വ്വീസില്‍ റിട്ടയര്‍മെന്റിനോട് അടുത്ത് നില്‍ക്കുന്ന അഴിമതി ‘വീരന്മാരായ’ ഉദ്യോഗസ്ഥരാവട്ടെ റിട്ടയര്‍മെന്റ് ജീവിതം അഴിക്കുള്ളിലാവുമോയെന്ന ഭീതിയിലുമാണ്.

ഒരു കേസിലും നടപടി സ്വീകരിക്കാത്തതാണ് ചില ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി കുറ്റകൃത്യം ചെയ്യാനിടയാക്കുന്നത് എന്നതിനാല്‍ ഇക്കാര്യങ്ങളില്‍ ജേക്കബ് തോമസ് നേരിട്ട് പരിശോധന നടത്തണമെന്ന ആവശ്യവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

ഇപ്പോള്‍ മധ്യമേഖലയില്‍ ഇരിക്കുന്ന കളങ്കിതനായ ഐപിഎസ് ഉദ്യോഗസ്ഥനെ ഉദാഹരണമായി എടുത്ത് കാട്ടിയാണ് ഈ ആവശ്യം.

പത്രപ്രവര്‍ത്തകരുടെ ‘കാല് പിടിക്കാനും’ വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കാനും തയ്യാറുമുള്ളതിനാല്‍ സത്യസന്ധരെന്ന് വാചകമടിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ പോലും ഈ ഉദ്യോഗസ്ഥന്റെ ചെയ്തികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് പലപ്പോഴും ചെയ്യാറുള്ളത്.

താന്‍ വിശുദ്ധനാണെന്ന് തെളിയിക്കാന്‍ ഇത്തരം മാധ്യമപ്രവര്‍ത്തകരെ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ എഴുന്നള്ളിക്കാന്‍ വരെ ഈ കളങ്കിത ഉദ്യോഗസ്ഥന്‍ ‘മിടുക്ക്’ കാട്ടിയിട്ടുണ്ട്.

സത്യസന്ധമായി കാര്യങ്ങളില്‍ ഇടപെടുന്ന ജേക്കബ് തോമസ് ഇത്തരം ഉദ്യോഗസ്ഥരുടെ ‘ബാക്ക് ഫയലുകള്‍’ പരിശോധിച്ചാല്‍ രക്ഷകരായ ഉന്നതരടക്കമുള്ളവരും കുരുക്കിലാവും.

Top