കൊച്ചിയിലെ വെള്ളക്കെട്ട്: നഗരസഭയെ ന്യായീകരിച്ച് മേയര്‍ സൗമിനി ജെയ്ന്‍

കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്‌നത്തില്‍ നഗരസഭയെ ന്യായീകരിച്ച് കൊച്ചി മേയര്‍ സൌമിനി ജെയ്ന്‍. വെള്ളക്കെട്ട് പ്രശ്‌നത്തില്‍ കോര്‍പ്പറേഷനെ പഴിക്കുന്നതില്‍ അര്‍ഥം ഇല്ലെന്നും നഗരസഭക്ക് സാധ്യമായതെല്ലാം ചെയ്തുവെന്നും മേയര്‍ സൌമിനി ജെയ്ന്‍ പറഞ്ഞു.

വെള്ളക്കെട്ടിന്റെ പഴി ഉദ്യോഗസ്ഥരില്‍ ചുമത്തിയ മേയര്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടേണ്ടത് ആയിരുന്നുവെന്നും കുറ്റപ്പെടുത്തി. ഇപ്പോള്‍ നഗരത്തില്‍ ഉള്ളത് പരിചയം ഇല്ലാത്ത ഉദ്യോഗസ്ഥര്‍ ആണെന്നായിരുന്നു വിമര്‍ശനം. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് സ്വഭാവികം മാത്രമാണെന്നും സൌമിനി ജെയ്ന്‍ പ്രതികരിച്ചു.

വെള്ളക്കെട്ട് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടത്തിയ നടപടികളെയും സൌമിനി ജെയ്ന്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ ഇടപെട്ട് നടത്തിയപ്പോള്‍ കൂടുതല്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടത് ആയിരുന്നു. എന്നാല്‍ ഇതിനായി നഗരസഭയുടെ തൊഴിലാളികളെയും ഉപകരണങ്ങളും ആണ് ഉപയോഗിച്ചത് എന്നായിരുന്നു സൌമിനി ജെയ്‌ന്റെ പ്രതികരണം. വെള്ളക്കെട്ടിന് കാരണം ഓടകളിലേക്ക് ജനങ്ങള്‍ മാലിന്യം തള്ളുന്നതാണെന്ന കാരണം ആണ് മേയര്‍ ചൂണ്ടിക്കാട്ടുന്നത്.

വെള്ളക്കെട്ടില്‍ കോര്‍പ്പറേഷനെ കുറ്റപ്പെടുത്താനാവില്ലെന്ന് എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയറുമായ ടി ജെ വിനോദും പ്രതികരിച്ചു. വെള്ളക്കെട്ടിന് കാരണം കോര്‍പ്പറേഷന്റെ വീഴ്ചയെന്ന എല്‍ഡിഎഫ് ആരോപണം ജനങ്ങള്‍ തള്ളിക്കളഞ്ഞെന്ന് ഉറപ്പാണെന്നും ടി ജെ വിനോദ് പറഞ്ഞു.

കനത്ത മഴയില്‍ എറണാകുളത്തെ പോളിംഗ് ബൂത്തുകള്‍ അടക്കം വെള്ളത്തിലായതോടെയാണ് അടിയന്തരനടപടിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന് ഇന്നലെ രാത്രിയില്‍ തന്നെ തുടക്കമായി. ജില്ലാ കളക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നടപടികള്‍.

ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ എന്ന് പേരിട്ട ദൗത്യത്തില്‍ ഫയര്‍ ഫോഴ്‌സും, പൊലീസും, റവന്യൂ അധികൃതരും പങ്കാളികളായി. മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചതെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു.നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ട കലൂര്‍ , ഇടപ്പള്ളി, നോര്‍ത്ത് ഓവര്‍ ബ്രിഡ്ജ്, ചെട്ടിച്ചിറ എന്നീ സ്ഥലങ്ങളടക്കം ഒന്‍പതിടങ്ങളിലാണ് ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ കാനകള്‍ വൃത്തിയാക്കിയത്. നപടികള്‍ ഇന്നും തുടരും.

Top