മിഠായിത്തെരുവില്‍ കടകള്‍ക്ക് മുമ്പിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് കോര്‍പ്പറേഷന്‍

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ കടകള്‍ക്ക് മുമ്പിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് കോര്‍പ്പറേഷന്‍. നേരത്തെ തീപിടിത്തമുണ്ടായ ഭാഗങ്ങളിലെ കടകളിലാണ് പൊലീസ് പരിശോധന നടത്തി ഒഴിപ്പിച്ചത്. കോര്‍പ്പറേഷന്റെ വാഹനം വ്യാപാരികള്‍ തടഞ്ഞു. സുരക്ഷാ കാരണങ്ങള്‍ കൂടി ചൂണ്ടിക്കാണിച്ചാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ മിഠായിത്തെരുവിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനെത്തിയത്.

പൊലീസ് സഹായത്തോടെയുള്ള നടപടിക്ക് കോര്‍പ്പറേഷന്‍ സെക്രട്ടറി നേരിട്ടെത്തി നേതൃത്വം നല്‍കി. വഴിയില്‍ കൂട്ടിയിട്ട സാധനങ്ങള്‍ പൊലീസ് നീക്കം ചെയ്തു. പൊലീസ് നടപടിക്ക് മുമ്പ് വ്യാപാരികളെ ബോധ്യപ്പെടുത്തിയില്ലെന്ന് ആരോപിച്ച് കടകളില്‍ നിന്ന് ശേഖരിച്ച വസ്തുക്കളുമായി പോകുന്ന വാഹനം വ്യാപാരികള്‍ തടഞ്ഞു. ഓരോ കടയില്‍ നിന്നും പിടിച്ചെടുത്ത സാധനങ്ങളുടെ ലിസ്റ്റ് എഴുതി നല്‍കിയ ശേഷമാണ് വാഹനം വിട്ടുനല്‍കിയത്.

എസ് എം സ്ട്രീറ്റില്‍ നാല് മാസം മുമ്പ് തീപിടുത്തമുണ്ടായ കടയുടെ പരിസരങ്ങളിലും ഒയാസിസ് കോമ്പൗണ്ടിലുമാണ് കോര്‍പ്പറേഷന്റെ പരിശോധന നടന്നത്. കയ്യേറ്റം നടത്തിയ കടയുടമകളില്‍ നിന്ന് പിഴ ഈടാക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം.

സെപ്റ്റംബര്‍ 10ന് മിഠായിത്തെരുവ് മൊയ്തീന്‍ പളളി റോഡിലെ രണ്ട് കടകള്‍ക്ക് തീപ്പിടിച്ചതിനെ തുടര്‍ന്നായിരുന്നു കോര്‍പ്പറേഷന്‍ നടപടികള്‍ തുടങ്ങിയത്. അശാസ്ത്രീയ നിര്‍മ്മിതികള്‍, ആവര്‍ത്തിച്ച് അപകടങ്ങളുണ്ടാകാനുളള സാധ്യതകള്‍ എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസും അഗ്‌നി ശമന സേനയും റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടവഴികള്‍ പോലും തടസ്സപ്പെടുത്തിയുളള കച്ചവടമുള്‍പ്പെടെ 192 ക്രമക്കേടുകള്‍ കണ്ടെത്തി.

Top