ക്ഷേമ പെന്‍ഷന്‍ വിതരണത്തിലും വിജയം കുറിച്ച് സഹകരണ ബാങ്കുകള്‍

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിലും വിജയം കുറിച്ച് മുന്നേറുകയാണ് സഹകരണ ബാങ്കുകള്‍. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് സംസ്ഥാനമൊട്ടാകെ ബാങ്കുകള്‍ പെന്‍ഷന്‍ വിതരണ ഏജന്‍സി ആവുന്നത്. പെന്‍ഷന്‍ നേരിട്ട് വീടുകളില്‍ എത്തിക്കുന്ന (ഡയറക്റ്റ് ടു ഹോം) സമ്പ്രദായമാണ് ബാങ്കുകളുടെ സഹകരണത്തോടെ നടത്തുന്നത്. സാമൂഹ്യക്ഷേമ ബോര്‍ഡുകള്‍ അംഗങ്ങള്‍ക്കു നല്‍കുന്ന പെന്‍ഷനും ബാങ്കു വഴി നല്‍കുന്നുണ്ട്.

ബാങ്കുകള്‍ വഴി ഇത്തവണ 23,50,838 പേര്‍ക്കാണ് പെന്‍ഷന്‍ അയച്ചത്. ഇതിന് ആവശ്യമായ 825,27,31,800 രൂപ ഓഗസ്റ്റ് 30ന് ബാങ്കിന് കൈമാറിക്കഴിഞ്ഞു. 31 മുതല്‍ ഗുണഭോക്താക്കള്‍ക്ക് അക്കൗണ്ടുകളില്‍ എത്തിത്തുടങ്ങും. പ്രാഥമിക സഹകരണ സംഘം വഴി 21,18,895 പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്. ഇതിനു വേണ്ടത് 753,76,55,600 രൂപയാണ്. ഇത് കൈമാറിത്തുടങ്ങി. ചുമതലയുള്ള സഹകരണ സംഘം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ക്കാണ് സര്‍ക്കാര്‍ പണം കൈമാറുക.

ഓരോ തദ്ദേശഭരണ പ്രദേശത്തും ഏതേത് സംഘമാണ് പെന്‍ഷന്‍ വിതരണമെന്നത് ഉത്തരവുണ്ട്. ഈ ജോയിന്റ് രജിസ്ട്രാര്‍മാരാണ് സംഘങ്ങള്‍ക്ക് പണം കൈമാറുന്നത്. ബാങ്കിലെ ജീവനക്കാര്‍ അവരുടെ അധിക ജോലിയായി പെന്‍ഷന്‍ വീടുകളില്‍ എത്തിക്കും. വിതരണത്തിന്റെ കണക്കും സെറ്റില്‍മെന്റുമെല്ലാം നടത്താന്‍ നിശ്ചിത സോഫ്റ്റ് വെയര്‍ ക്രമീകരണമുണ്ട്.

തദ്ദേശഭരണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പെന്‍ഷന്‍ സെല്ലും ഐകെഎംന്റെ കമ്പ്യൂട്ടര്‍ സെല്ലും അതാത് ദിവസം തന്നെ ഇവ ക്രോഡീകരിച്ച് ധനകാര്യ വകുപ്പിനു നല്‍കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ധനവിന്യാസം കൈകാര്യം ചെയ്യുന്ന ധനവകുപ്പിലെ എസ്എഫ്‌സി ഡിപ്പാര്‍ട്ട്മെന്റാണ് ഇതിന്റെ ഏകോപനം. ഓരോ ദിവസവും ഈ മോണിറ്ററിങ് നടക്കുന്നുണ്ട്. വലിയ തുകയാണ് ഈ ശൃംഖല കൈകാര്യം ചെയ്യുന്നത്. ആകെ 44,69,733 പേര്‍ക്കാണ് സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ ഇത്തവണ നല്‍കുന്നത്.

Top