ന്യൂഡല്‍ഹി: ഡല്‍ഹി മെഡിക്കല്‍ അസോസിയേഷന്റെ ഹര്‍ജിയില്‍ യോഗ ഗുരു ബാബ രാംദേവിന് സമന്‍സ് അയച്ച് ഡല്‍ഹി ഹൈക്കോടതി. കോവിഡ് പ്രതിരോധ മരുന്ന് എന്ന പേരില്‍ പതഞ്ജലി തയ്യാറാക്കിയ കൊറോണില്‍ കിറ്റിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് രാംദേവിനെ തടയണമെന്നാണ് ഡി.എം.എ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം.
ഹര്‍ജിയില്‍ അടുത്ത വാദം കേള്‍ക്കുന്ന ജൂലൈ 13-വരെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് രാംദേവിനോട് പറയണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനോട് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കി. ഡി.എം.എ. സമര്‍പ്പിച്ച ഹര്‍ജിയോടു പ്രതികരിക്കാനും രാംദേവിനോട് കോടതി ആവശ്യപ്പെട്ടു. കൊറോണില്‍ മരുന്നിന് കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നും രാംദേവിന്റെ വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നുമാണ് ഡി.എം.എയുടെ വാദം.









