കര്‍ഫ്യൂ ലംഘിച്ചു; ദേശീയ ഫുട്‌ബോള്‍താരം അലക്‌സാണ്ടര്‍ പ്രിജോവിച്ച് അറസ്റ്റില്‍

ബെല്‍ഗ്രേഡ്: രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ലംഘിച്ച സൗദി അറേബ്യയില്‍ അല്‍ ഇത്തിഹാദിന്റെ താരം അലക്‌സാണ്ടര്‍ പ്രിജോവിച്ച് സെര്‍ബിയയില്‍ അറസ്റ്റില്‍. കര്‍ഫ്യൂ ചട്ടങ്ങള്‍ ലംഘിച്ച് ഒരു സംഘം ആളുകള്‍ക്കൊപ്പം ബെല്‍ഗ്രേഡിലെ ഒരു ഹോട്ടലില്‍ ഒത്തുകൂടിയതിനാണ് താരത്തെ അറസ്റ്റ് ചെയ്തത്. പ്രിജോവിച്ചിനെയും ഒപ്പമുണ്ടായിരുന്നവരെയും പ്രോസിക്യൂട്ടറുടെ ഓഫിസില്‍ ഹാജരാക്കിയതായി സെര്‍ബിയന്‍ പൊലീസ് വക്താവ് വ്‌ലാടിമിര്‍ റെബിച് അറിയിച്ചു.

ബെല്‍ഗ്രേഡിലെ ഒരു ഹോട്ടല്‍ ലോബിയില്‍ വൈകീട്ട് അഞ്ചു മണിക്കു ശേഷം കര്‍ഫ്യൂ നിയമങ്ങള്‍ ലംഘിച്ച് ഒത്തുകൂടിയതിനാണ് അറസ്റ്റ്. ആ സമയത്ത് പ്രിജോവിച്ച് ഉള്‍പ്പെടെ അവിടെ അഞ്ചിലധികം പേരുണ്ടായിരുന്നു’ പൊലീസ് വക്താവ് പറഞ്ഞു. കര്‍ഫ്യൂ ലംഘനം സംഭവിച്ചതില്‍ ഹോട്ടല്‍ അധികൃതരും കുറ്റക്കാരാണെന്ന് അദ്ദേഹം വ്യക്തമാക്കി. കര്‍ഫ്യൂ ലംഘിച്ചാണ് ആ സമയത്ത് ഹോട്ടലില്‍ ഭക്ഷണം വിളമ്പിയത്. ഹോം ഡെലിവറി മാത്രമാണ് ഈ സമയത്ത് അനുവദനീയമെന്നും റെബിച്ച് വ്യക്തമാക്കി.
സെര്‍ബിയയില്‍ ഇതുവരെ 1476 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 39 പേര്‍ വൈറസ് ബാധിച്ച് മരിച്ചു.

Top