റയല്‍ മാഡ്രിഡ് ബാസ്‌ക്കറ്റ്ബോള്‍ താരത്തിന് കൊറോണ സ്ഥിരീകരിച്ചു

മാഡ്രിഡ്: റയല്‍ മാഡ്രിഡ് ബാസ്‌ക്കറ്റ്ബോള്‍ താരത്തിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് റയല്‍ മാഡ്രിഡ് ബാസ്‌ക്കറ്റ്ബോള്‍, ഫുട്ബോള്‍ ടീമുകളുടെ എല്ലാ മത്സരങ്ങളും പരിശീലനവും അനിശ്ചിത കാലത്തേക്ക് റദ്ദാക്കിയെന്ന് റയല്‍ മാഡ്രിഡ് ക്ലബ്ബ് അറിയിച്ചു.

റയല്‍ മാഡ്രിഡ് ക്ലബിന്റെ ബാസ്‌ക്കറ്റ്ബോള്‍, ഫുട്ബോള്‍ ടീമുകളെല്ലാം ഒരേ സ്ഥലത്ത് നിന്നാണ് പരിശീലനം നടത്തുന്നത്. അതുകൊണ്ടാണ് ക്ലബ് ഫുട്ബോള്‍ ടീമുകളുടെയും മത്സരങ്ങളും പരിശീലനവും മാറ്റിവച്ചത്.

അതുകൊണ്ട് തന്നെ ഫുട്ബോള്‍ ടീം അംഗങ്ങളും നിരീക്ഷണത്തിലാണിപ്പോള്‍. കൊറോണ സ്ഥിരീകരിച്ചതോടെ ക്ലബ്ബിന്റെ പരിശീലന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. ഫുട്ബോള്‍ താരങ്ങളും ഒഫീഷ്യല്‍സും അടക്കം എല്ലാവരും വീടുകളില്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചതായും പ്രസ്താവനയിലൂടെ റയല്‍ മാഡ്രിഡ് ക്ലബ്ബ് അറിയിച്ചിട്ടുണ്ട്.

Top