രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 8000 കടന്നു; ആകെ മരിച്ചത് 242 പേര്‍

ന്യൂഡല്‍ഹി: രാജ്യത്താകെ കൊവിഡ് രോഗികളുടെ എണ്ണം 8063 കടന്നു. ഇതുവരെ 242 പേര്‍ രോഗം ബാധിച്ചു മരിച്ചു.
മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കൊവിഡ് രോഗവ്യാപനം തുടരുന്നു. മഹാരാഷ്ട്രയ്ക്ക് പിന്നാലെ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി ഡല്‍ഹി. ഇന്ന് 166 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ ആകെ കൊവിഡ് കേസുകള്‍ 1069 ആയി. ഇന്ന് മാത്രം അഞ്ച് കൊവിഡ് രോഗികളാണ് ഡല്‍ഹിയില്‍ മരിച്ചത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യതലസ്ഥാനത്തെ കൊവിഡ് മരണങ്ങള്‍ 19 ആയി.

മഹാരാഷ്ട്രയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1761 ആയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 187 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ മാത്രം കൊവിഡ് ബാധിച്ചത്. ഇതില്‍ 138 കേസുകളും മുംബൈയിലാണ്. തെലങ്കാനയില്‍ ഇന്ന് രണ്ട് പേരാണ് കൊവിഡ് രോഗം ബാധിച്ചു മരിച്ചത്. 16 പേര്‍ക്ക് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചപ്പോള്‍ 51 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ തെലങ്കാനയിലെ ആകെ കൊവിഡ് മരണങ്ങള്‍ 14 ആയി. അതിനിടെ ഒഡീഷയ്ക്ക് പിന്നാലെ തെലങ്കാനയും ലോക്ക് ഡൗണ്‍ ഏപ്രില്‍ മുപ്പത് വരെ നീട്ടിയിട്ടുണ്ട്.

ലോക്ക്ഡൗണില്ലായിരുന്നെങ്കില്‍ രാജ്യത്തെ രോഗബാധിതരുടെ എണ്ണം നിലവിലുള്ളതിലും നാല്‍പത്തിയൊന്ന് ശതമാനം കൂടുമായിരുന്നുവെന്ന് ആരോഗ്യമന്ത്രാലയം വിലയിരുത്തി. രോഗബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ അറുപത് ശതമാനത്തോളം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്ര, തമിഴ് നാട്, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണത്തിനൊപ്പം രോഗമുക്തി നേടുന്നവരുടെ പട്ടികയിലും മഹാരാഷ്ട്രയാണ് മുന്നില്‍. രോഗമുക്തിയില്‍ കേരളം രണ്ടാം സ്ഥാനത്താണ്.

Top