പരിശോധനയില്‍ രോഗമില്ല, ദുരിതത്തിലായി സൗദിയിലെ നഴ്‌സുമാര്‍

കോട്ടയം: സൗദിയില്‍ കൊറോണ വൈറസ് സംശയത്തില്‍ നിരീക്ഷണത്തിലായ നഴ്‌സുമാര്‍ക്ക് കൃത്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി.

രുചിയുള്ള ആഹാരം കഴിച്ചിട്ട് ദിവസങ്ങളായി. നിരീക്ഷണത്തില്‍ പ്രത്യേകം മുറികളില്‍ താമസിക്കുന്നതിനാല്‍ അധികാരികള്‍ തരുന്ന ആഹാരംതന്നെ കഴിക്കണം. അറബിയാഹാരമാണു കിട്ടുന്നതെന്ന് നിരീക്ഷണത്തിലിരിക്കുന്ന നഴ്‌സുമാര്‍.

മുന്‍കരുതലിന്റെ ഭാഗമായാണ് ഇവരെ അഞ്ചുദിവസമായി പ്രത്യേകം മുറികളില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് അവരുമായി ഫോണില്‍ ബന്ധപ്പെട്ട ആന്റോ ആന്റണി എം.പി. പറഞ്ഞു. പരിശോധനകളില്‍ ഇവര്‍ക്കാര്‍ക്കും വൈറസ് ബാധയില്ലെന്നു കണ്ടെത്തിയിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

രോഗിയെ ചികിത്സിച്ച 10 നഴ്‌സുമാരില്‍ എട്ടുപേരും മലയാളികളാണ്. വൈറസ് ബാധ സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശിനിയായ നഴ്‌സ് ആരോഗ്യമന്ത്രാലയത്തിന്റെ ആശുപത്രിയില്‍ ചികിത്സയിലാണ്.

അസീര്‍ അബഹ അല്‍ ഹയാത് ആശുപത്രിയില്‍ 100 ജീവനക്കാരെങ്കിലും മലയാളികളാണെന്നാണ് വിവരം. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളിലെ മലയാളി നഴ്‌സുമാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. വൈറസ് ബാധ സംശയിക്കുന്ന സൗദിയിലെ മലയാളി നഴ്‌സിന് വിദഗ്ധചികിത്സ ലഭ്യമാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍, കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. സുബ്രഹ്മണ്യന്‍ ജയശങ്കര്‍, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ക്കയച്ച കത്തില്‍ മന്ത്രി ആവശ്യപ്പെട്ടു.

Top